തിരുവനന്തപുരം: കേന്ദ്ര സർക്കാർവിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷക സമരത്തിന്റെ വിജയമാണെന്ന്എളമരം കരീം എംപി. യുപി- ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടർന്നാണ് സർക്കാരിന്റെ ഒളിച്ചോട്ടം. ബില്ലുകൾ പിൻവലിക്കാനുള്ള തീരുമാനം ഭീരുത്വത്തിൽ നിന്നുണ്ടായതാണെന്നും അല്ലാതെ കർഷകരുടെ താല്പര്യം സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകർ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. ഖാലിസ്ഥാൻ തീവ്രവാദികളാണ്, മാവോവാദികളാണ്, അർബൻ നക്സലൈറ്റുകളാണ് എന്നൊക്കെയുള്ള ആരോപണം ഉന്നയിക്കുകയും പോലീസിനെ ഉപയോഗിച്ച് ശക്തമായി അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു. ഹരിയാനയിൽ പോലീസ് അതിക്രമത്തിൽ കർഷകർ കൊല്ലപ്പെട്ടു. ലഖിംപുരിൽ വാഹനമിടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തി. സമര കേന്ദ്രങ്ങളിലും ആയിരത്തോളം കർഷകരാണ് കൊല്ലപ്പെട്ടത്. കടുത്ത പ്രയാസങ്ങൾ അതിജീവിച്ചുകൊണ്ടാണ് സമരങ്ങൾ തുടർന്നുവന്നത്.
ഒരു വർഷത്തിനിടയിൽ ഒരു തവണ പോലും കർഷകസംഘടനാ പ്രതിനിധികളോട് സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. കൃഷിവകുപ്പ് മന്ത്രി ചർച്ച നടത്തിയെങ്കിലും അതിലൊന്നും ഒരു തീരുമാനവുമെടുക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. സുപ്രീം കോടതി നിയമം സ്റ്റേ ചെയ്യുകയും ഒരു കമ്മീഷനെ വെക്കാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, കമ്മീഷനുമായി സഹകരിക്കെണ്ട എന്ന തീരുമാനമാണ് കർഷകസംഘടനകൾ എടുത്തത്.
കേരളം, തമിഴ്നാട്, ബംഗാൾ, അസം തിരഞ്ഞെടുപ്പികൾ വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. കഴിഞ്ഞ പാർലമെന്റ്-അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കടുത്ത തിരിച്ചടിയുണ്ടായി. വരാൻ പോകുന്ന യുപി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടർന്നാണ് ഈ ഒളിച്ചോട്ടം. അല്ലാതെ കർഷകരുടെ താല്പര്യം സംരക്ഷിക്കാനല്ല. ബിജെപിയെ തോൽപിക്കാനായി സംയുക്ത കർഷകസമിതി മിഷൻ യുപി, മിഷൻ ഉത്തരാഖണ്ഡ് എന്നിങ്ങനെ രണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ ഗവൺമെന്റ് നിർബന്ധിതമായതാണ് ഈ പിന്നോക്കം- എളമരം കരീം പറഞ്ഞു.
കർഷകരുടെ നിശ്ചയധാർഢ്യത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി- തോമസ് ഐസക്ക്
കർഷകരുടെ നിശ്ചയധാർഢ്യത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയെന്ന് തോമസ് ഐസക്ക്. ഒരു വർഷം വേണ്ടിവന്നു അതിന്. ഇതിപോലൊരു സമരം ലോകചരിത്രത്തിൽതന്നെ അപൂർവമാണ്. എല്ലാത്തരത്തിലുള്ള അടവുകളും കേന്ദ്രസർക്കാർ പയറ്റി നോക്കി. ഏറ്റവും അവസാനം സംഘർഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ചെയ്തികൾ വരെ. അതൊക്കെ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. ഈ സമരവുമായി മുന്നോട്ട് പോയിട്ടുണ്ടെങ്കിൽ യുപി-പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വില കൊടുക്കേണ്ടി വരുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈപ്പോൾ ഈ പിൻമാറ്റം. സ്വകാര്യ വൽക്കരണമടക്കമുള്ള തെറ്റായ നയങ്ങൾ, തൊഴിലാളി നിയമ ഭേദഗതി അടക്കമുള്ളവ ചെറുക്കുന്നവർക്ക് വലിയ ആവേശം പകരുന്ന കാര്യമാണ്.
പാർലമെന്റിലെ അംഗബലംകൊണ്ട് ജനങ്ങളെ അടിച്ചമർത്താനാകില്ല -എ.വിജയരാഘവൻ
വലിയ ജനകീയ ഐക്യത്തിന്റെ വിജയംകൂടിയാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഇന്ത്യക്ക് പുറത്തും ശ്രദ്ധയാകർഷിച്ച സമരമാണിത്. ധനമുതലാളിത്വത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന തരത്തിൽ നിയമനിർമാണം നടത്തുകയും സാധാരണ ജനങ്ങളെ വിസ്മരിക്കുകയും ചെയ്യുന്ന നയത്തിനെതിരായ ഇന്ത്യയിലെ പൊരുതുന്ന ജനത നേടിയ വിജയംകൂടിയാണ്. രാജ്യത്തിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രത്തിൽ ആവേശകരമായ മുന്നേറ്റത്തിന്റെ വഴിതുറക്കുത് കൂടിയാണ് ഈ സമരവിജയം. പാർലമെന്റിലെ അംഗബലംകൊണ്ട് ജനങ്ങളെ പൂർണമായും അടിച്ചമർത്താനാകില്ല എന്നതിന്റെ ഉദാരണമാണിത്.