കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ നമ്പർ 18 ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. യുവതികളിൽ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയോ എന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിന്റെ പൂർണരൂപം മാതൃഭൂമി ന്യൂസിന് ലഭിച്ചു.
അപകടം നടന്ന ദിവസം ഹോട്ടലിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് 50-ഓളം പേർ ഒത്തുചേരുകയും രാത്രി ഏറെവൈകിയും മദ്യസൽക്കാരം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഹോട്ടലിലിലെ രഹസ്യ ഇടപാടുകൾ ഒളിപ്പിക്കാനാകും ഡിവിആർ നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. റോയി ഉൾപ്പെടെയുള്ളവർ മരിച്ച യുവതികളുമായി ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതായുംഅവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവരുടെ ദൃശ്യങ്ങൾ ഹോട്ടലിൽ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടാകും. ഈ സാഹചര്യത്തിലാകും ദുരുദേശ്യപരമായി ദൃശ്യങ്ങൾ മാറ്റുന്ന സാഹചര്യമുണ്ടായതെന്നാണ് കരുതുന്നത്. എടുത്തുമാറ്റിയ ഡിവിആർ ഹോട്ടൽ ജീവനക്കാർ കായലിൽ എറിഞ്ഞു കളയുകയും പകരം ഡാറ്റ ഇല്ലാത്ത മറ്റൊരു ഹാർഡ് ഡിസ്ക് അവിടെ സ്ഥാപിക്കുകയും ചെയ്തു.
ഹോട്ടലിലെ ജീവനക്കാരനായ മെൽവിൻ വീഡിയോ കോൾ ചെയ്താണ് ഹാർഡ് ഡിസ്ക് അഴിച്ചുമാറ്റുന്ന രീതി ജീവനക്കാരെ അറിയിച്ചത്. തുടർന്ന് അഴിച്ചെടുത്ത ഹാർഡ് ഡിസ്ക് കണ്ണങ്കാട്ട് പാലത്തിൽ നിന്ന് കായലിലേക്ക് എറിഞ്ഞു കളയുകയായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
ആസൂത്രിതമായ ചില കാര്യങ്ങൾ ഹോട്ടലിൽ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന വേണമെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.