തിരുവനന്തപുരം
സംസ്ഥാനത്ത് വളർത്തു മൃഗങ്ങളെയും പക്ഷികളെയും വിൽക്കുന്ന സ്ഥാപനങ്ങൾക്ക്(പെറ്റ് ഷോപ്പുകൾ) ലൈസൻസ് നിർബന്ധമാക്കും. ഇതു സംബന്ധിച്ച കേന്ദ്ര നിയമം കർശനമായി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. സ്ഥാപന ഉടമകൾക്ക് ബോധവൽക്കരണം നൽകും. സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ജില്ലകളിലെ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസിന്റെ (എസ്പിസിഎ) പ്രവർത്തനം ശക്തിപ്പെടുത്തും. തെരുവു നായ്ക്കളിൽ വന്ധീകരണ പദ്ധതി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകും. തെരുവു നായ്ക്കളെ സംരക്ഷിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് ശുപാർശ ചെയ്യും.
മൃഗസംരക്ഷണ വകുപ്പിന്റെ അതിർത്തി ചെക്പോസ്റ്റുകളിൽ വെറ്ററിനറി സർജൻമാരെ നിയമിക്കും. വെറ്ററിനറി ഡോക്ടർമാരെ ഉൾപ്പെടുത്തി ജില്ലാതല ആന സ്ക്വാഡ് ശക്തിപ്പെടുത്തും. അനധികൃത അറവു തടയാനും ആധുനിക അറവുശാല സ്ഥാപിക്കാനും തദ്ദേശ വകുപ്പിനോട് നിർദേശിക്കും. വളർത്തു മൃഗങ്ങളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് sawbkerala@gmail.com എന്ന മെയിലിൽ പരാതി അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
പെറ്റ്ഷോപ്പ് നിയമം സംബന്ധിച്ച കൈപ്പുസ്തകം മന്ത്രി പ്രകാശിപ്പിച്ചു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശികനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.