ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസീലാൻഡ്, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, പാകിസ്ഥാൻ, യുകെ എന്നിവയാണ് പ്രധാനമായും റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുന്ന രാജ്യങ്ങൾ. വേൾഡ് സ്റ്റാൻഡേർഡ് വെബ്സൈറ്റ് അനുസരിച്ച് ലോക ജനസംഖ്യയുടെ 35 ശതമാനം ഡ്രൈവ് ചെയ്യുന്നവർ ഇടത് വശം ചേർന്നാണ് വാഹനം ഓടിക്കുന്നത്. ഇത്തരത്തിൽ വാഹനം ഓടിക്കുന്ന മിക്ക രാജ്യങ്ങളും പഴയ ബ്രിട്ടീഷ് കോളനികളാണ് എന്നതാണ് രസകരമായ വസ്തുത. എന്താണ് ഇതിനു കാരണം?
നിരവധി കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ പ്രധാനം ബ്രിട്ടീഷ് കാലഘട്ടത്തിലെ സൈന്യവുമായി ബന്ധപ്പെട്ടാണ്. സൈനികരിൽ ഭൂരിപക്ഷം പേരും വലതുകൈ കൂടുതലായി ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കുതിരപ്പുറത്തേറി ശത്രുക്കളുമായി മല്ലിടുമ്പോൾ മികച്ച രീതിയിൽ യുദ്ധം ചെയ്യാൻ വലത് ഭാഗത്ത് എതിരാളിയെ കിട്ടണം. അപ്പോൾ ശരീരത്തിന്റെ ഇടതുവശത്ത് ക്രമീകരിച്ചിരിക്കുന്ന വാളെടുത്തത് വലതുകൈകൊണ്ട് പടവെട്ടാം.
രണ്ടാമത്തെ കാരണവും പഴയ കാലത്തുനിന്നുള്ളതാണ്. കുതിരപ്പടയാളികൾ പലരും കുതിരയുടെ ഇടത്ത് ഭാഗത്ത് നിന്നും കുതിരപ്പുറത്ത് കയറാനാണ് പരിശീലിച്ചിരുന്നത്. അതുകൊണ്ട് തന്നെ വഴിയുടെ ഇടത്ത് ഭാഗത്താണ് കുതിരയെ പണ്ട് മുതലേ നിർത്തിയിരുന്നത്. ഇത് കൂടാതെ മറ്റൊരു സിദ്ധാന്തം കൂടെയുണ്ട്. എലിസബത്ത് രാജ്ഞിയുടെ കാലത്ത്, രാജകുടുംബാംഗങ്ങൾക്ക് മാത്രമേ ഇടതുവശത്ത് യാത്ര ചെയ്യാൻ കഴിയൂ. പൊതു ജനങ്ങൾക്ക് വലതു വശത്തുകൂടി നടക്കേണ്ടി വന്നു. രാജകുടുംബാംഗങ്ങൾക്ക് മാത്രമേ വാഹനം ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഇടതുവശത്ത് വാഹനമോടിക്കാനുള്ള നിയമങ്ങളിലേക്ക് നയിച്ചു.
മേല്പറഞ്ഞവയാണ് ബ്രിട്ടീഷ് കോളനികളായ പല രാജ്യങ്ങളും വാഹനങ്ങൾ റോഡിന്റെ ഇടത് വശം ചേർന്ന് പോകുന്നതിൽ തുടരുന്നത് എന്നാണ് വിവരം.