മജീഷ്യൻ മുതുകാട് പ്രൊഫഷണൽ മാജിക്കിനോട് വിടപറയുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ഭാവി യാത്രകൾ ഭിന്ന ശേഷിക്കാരായ കുട്ടികളൊടൊപ്പമെന്ന് വിശദീകരിക്കുകയാണ് മജീഷ്യൻ മുതുകാട്. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പിന്നിട്ട യാത്രകളേപ്പറ്റിയും ഭാവി സ്വപ്നങ്ങളേപ്പറ്റിയും വിശദീകരിക്കുകയാണ്.
ഇനിമുതൽ പ്രതിഫലം പറ്റുന്ന തരത്തിൽ മാജിക് ഷോകൾ അവതരിപ്പിക്കില്ലെന്ന തീരുമാനം എടുത്ത് മാജിക് ആരാധകരെ ഞെട്ടിക്കാനുള്ള കാരണമെന്താണ്?
ഞാൻ ഏഴാമത്തെ വയസ് മുതൽ മാജിക് പഠിക്കാൻ തുടങ്ങിയ ഒരാളാണ്. 10-ാമത്തെ വയസിലാണ് ആദ്യത്തെ അരങ്ങേറ്റം. തുടർന്നങ്ങോട്ട് 45 വയസുവരെ മാജിക്കിനെപ്പറ്റി മാത്രം ചിന്തിച്ച്, മാജിക്കിന്റെ ലോകം മാത്രമായിരുന്നു എന്റെ മനസിൽ ഉണ്ടായിരുന്നത്. ഒരു പിഎസ്സി ടെസ്റ്റ് എഴുതുകയോ മറ്റൊരു ജോലിക്ക് പോവുകയോ ചെയ്തിട്ടില്ല.
മാജിക്കിന്റെ ലോകത്തേക്ക് ഞാൻ വരുന്ന സമയത്ത് മാജിക് ഒക്കെയും തെരുവിലാണ് അവതരിപ്പിച്ചിരുന്നത്. വേദികളിൽ മാജിക്ക് അത്ര പ്രചാരത്തിലല്ലാതിരുന്ന കാലമായിരുന്നു അത്. മാജിക് അവതരണത്തിനായി സ്റ്റേജുകൾ കിട്ടാനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് കൈപ്പുനീര് കുടിച്ചാണ് മാജിക്കിന്റെ കൂടെയുള്ള യാത്ര തുടർന്നത്.
മാജിക്കിനെ ഒരു കലയായി അംഗീകരിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. അക്കാലത്തൊക്കെ മാജിക്കിന് ഒരു ഷോ നടത്താനായി സ്റ്റേജ് കിട്ടാൻ ബുക്കിങ് ഏജൻസികളെ ഒക്കെ സമീപിക്കുമായിരുന്നു. വല്ല സ്കൂളിലോ പൂരപ്പറമ്പിലോ പോയി ചോദിക്ക് എന്നായിരുന്നു അന്നവർ പറഞ്ഞിരുന്ന മറുപടി. മാജിക് അന്ന് പോപ്പുലറായൊരു കല ആയിരുന്നില്ല.
അതിൽ നിന്നൊക്കെ ഒരു മാറ്റം കൊണ്ടുവരാനായി ഒരു ട്രൂപ്പുണ്ടാക്കി, ഷോയുടെ ഒരു സ്റ്റൈലുണ്ടാക്കി റൊമാന്റിക് മാജിക് ഷോ സെറ്റ് ചെയ്ത് 45 വർഷത്തോളം ഞാൻ മാജിക്കിന്റെ ലോകത്തായിരുന്നു. 54 രാജ്യങ്ങളിൽ മാജിക് ഷോകൾ നടത്തി, 8000 ഷോകളോളം പലഭാഗത്തായി നടത്തി. പക്ഷെ കാസർകോട് ഞാനൊരു പ്രോഗ്രാം ചെയ്യാനെത്തി. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി സർക്കാർ സംഘടിപ്പിച്ച പദ്ധതിയായിരുന്നു അത്.
വേദിയുടെ കർട്ടൻ ഉയർന്നപ്പോൾ ഞാൻ കാണുന്നത് പത്തും, ഇരുപതും വയസുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ താങ്ങിനിർത്തിയിരിക്കുന്ന അമ്മമാരെയാണ്. ആരുടെയും മുഖത്ത് ചിരിയൊന്നുമില്ല. കണ്ണുനീരുവറ്റിയ ഒരുപാട് മുഖങ്ങളാണ് അവിടെ കണ്ടത്. അതോടുകൂടി ഞാൻ ആകെ തകർന്നുപോയി.
അതിന് ശേഷം മറ്റ് ചില അനുഭവങ്ങൾ കൂടി ഉണ്ടായ പശ്ചാത്തലത്തിൽ എനിക്ക് തോന്നി, മാജിക്കിന്റെ ലോകമെന്നത് വിനോദത്തിന്റേതാണ്. അത് അവരെ പഠിപ്പിക്കുന്നതിലൂടെ ഈ അമ്മമാരുടെ മുഖത്ത് കുറച്ച് ചിരിയെങ്കിലും നൽകുക എന്നതായിരുന്നു ഞാൻ ഉദ്ദേശിച്ചത്.
അങ്ങനെ അന്ന് മന്ത്രിയായിരുന്ന ശൈലജ ടീച്ചറിനെ പോയി കണ്ടു. 23 കുട്ടികളെ അങ്ങനെ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ മുഖനെ എന്നെ ഏൽപ്പിച്ചു. ആ കുട്ടികളിലാണ് ഇത് തുടങ്ങുന്നത്. അപ്പൊഴും എനിക്ക് അതുമാത്രമേ ലക്ഷ്യമുണ്ടായിരുന്നുള്ളു. പക്ഷെ മുഖ്യമന്ത്രിയും ഗവർണറുമൊക്കെയുള്ള വേദിയിൽ ഇവർ മാജിക്ക് പെർഫോം ചെയ്യുന്ന സാഹചര്യമുണ്ടായി.
അതിന് ശേഷം ഇവർക്ക് ജോലി നൽകി ശാക്തീകരിക്കിൻ എംപവർമെന്റ് പ്രോഗ്രാം വന്നു. അപ്പോഴാണ് ഈ കുട്ടികളുടെ ബൗദ്ധികമായ വളർച്ചയേപ്പറ്റി സർക്കാർ തലത്തിൽ അന്വേഷണമുണ്ടാകുന്നത്. ഇങ്ങനെ മാജിക് പഠിച്ച കുട്ടികളുടെ ഐക്യു, ഇക്യു എന്നിവ ഉയർന്നതായുള്ള നിരീക്ഷണം വന്നു. അപ്പോൾ ഇതിൽ മാത്രം എന്തിനാണ് നിർത്തുന്നത് എന്ന ചിന്തയാണ് പിന്നീടുണ്ടായത്.
ആദ്യം ഒന്നും സംസാരിക്കാതെ എവിടേക്കോ നോക്കി നിന്നിരുന്ന കുട്ടികൾ സ്വന്തമായി ചെറിയ സമ്പാദ്യം ഉണ്ടാക്കുന്ന തലത്തിലേക്ക് ഉയർന്നു. അതവരുടെ മാതാപിതാക്കളുടെ മനോഭാവത്തിൽ മാറ്റം കൊണ്ടുവന്നു. അങ്ങനെ 100 കുട്ടികളെ കൂടി ഞങ്ങൾ ഏറ്റെടുത്തു. ഡിഫറന്റ് ആർട്സ് സെന്റർ തുടങ്ങി. പാട്ട്, നൃത്തം, ഉപകരണ സംഗീതം, ചിത്രം വര, മാജിക്, സിനിമ എന്നിവ ഇന്ന് വിവിധ സ്റ്റേജുകളിൽ പ്രാക്ടീസ് ചെയ്യുകയാണ്.
ഇവരെ കാണാനായി മാജിക് പ്ലാനറ്റിലെത്തുന്ന ആളുകൾ വരുമ്പോൾ ആ കുട്ടികളിൽ ഒരു മാറ്റം സംഭവിക്കുന്നു. വന്ന കുട്ടികളല്ല ഇപ്പോ എന്റെ പക്കൽ ഉള്ളത്. ഇവർക്ക് സ്റ്റൈപ്പൻഡ് എന്നതലത്തിൽ കുറച്ച് തുക ഞങ്ങൾ കൊടുക്കുന്നുണ്ട്. അതിനൊപ്പം അവരുടെ മാതാപിതാക്കൾക്കും താമസം, ഭക്ഷണം എന്നിവ നൽകുന്നുണ്ട്. മാതാപിതാക്കളും കരയുന്നവരായിരുന്നു ആദ്യം. ഈ മണ്ണിൽ ഒരുതുള്ളി കണ്ണീർ വീഴരുതെന്ന പറഞ്ഞ് അവർക്ക് വേണ്ടി കരിസ്മ എന്ന സൊസൈറ്റി തുടങ്ങി. കുറച്ച് തയ്യൽ മെഷിനും ഒക്കെ വാങ്ങി. അതുവഴി അവർക്കും വരുമാനം ലഭിക്കാൻ തുടങ്ങി. ഒരു വീട്ടിൽ ഒരു പൂവിടരുന്നതുപോലെയുള്ള സന്തോഷമാണ് പിന്നീട് ഉണ്ടായത്.
അപ്പോൾ മുതൽ കുറച്ച് മാസങ്ങളായി ഞാൻ ആലോചിക്കുകയാണ് പ്രൊഫഷൻ വേണോ അതോ ഇതുവേണോ എന്ന്. ഇവിടെ എന്റെ 100 ശതമാനം ശ്രദ്ധയും വേണം. ഞങ്ങൾ സഹയാത്ര എന്നൊരു പരിപാടി വെച്ച സമയത്ത് കേരളത്തിന്റെ പലഭാഗത്തുനിന്നും കുട്ടികളും മാതാപിതാക്കളും വന്നിരുന്നു. അവരൊക്കെ ഇത് കണ്ട് ഇപ്പോൾ ഓരോ ദിവസവും ഒരുപാട് ഫോൺകോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ കുട്ടിയെയും ഇവിടെ ചേർക്കണം എന്നാണ് അവരുടെ ആവശ്യം.
എല്ലാവർക്കും ഇവിടെ അതിനുള്ള അവസരം നൽകാൻ സാധിക്കില്ല. കാരണം സാമ്പത്തിക ബാധ്യത ഒരുപാടുണ്ട്. ഇപ്പോളും വായ്പയെടുത്താണ് മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. ആ ഒരു ഘട്ടം വന്നപ്പോൾ ഇനിയും എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഞങ്ങൾക്കുണ്ടായത്. 1800 അപേക്ഷകളാണ് ഇപ്പോൾ കെട്ടിക്കിടക്കുന്നത്.
നിലവിലുള്ള കുട്ടികൾക്ക് ജോലി കൊടുത്താൽ മാത്രമേ പുതിയ കുട്ടികളെ എടുക്കാൻ സാധിക്കു. അതിനായി യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ ഉണ്ടാക്കി. കണ്ണുകാണാത്തവർക്ക, കാത് കേൾക്കാത്തവർക്ക് എന്നിങ്ങനെ വിവിധ ആർട്ട് മ്യൂസിയങ്ങളും പെർഫോമൻസ് കേന്ദ്രങ്ങളും ഒരുക്കി സ്പോർട്,് സെന്ററും സ്ഥാപിക്കുക എന്നൊക്കെയാണ് ആലോചന. പാരാലിമ്പിക്കിലേക്കൊക്കെ കുട്ടികളെ അയക്കാനുദ്ദേശിച്ചാണ് സ്പോർട്സ് സെന്റർ. ഡിഫറന്റ് സ്പോർട്സ് സെന്റർ എന്നാണ് അതിന് പേര്.
ഇതെല്ലാം കൂടി വന്നപ്പോൾ 100 ശതമാനവും ശ്രദ്ധയും ഇതിലേക്ക് വേണമെന്ന അവസ്ഥ വന്നു. കുറെ രാത്രികൾ അതേപ്പറ്റി ഞാൻ ആലോചിച്ചു. ആളുകളുടെ ആരവം, അതിനിടയിൽ കൂടി നടക്കുക അത്തരമൊരു അന്തരീക്ഷം അത് നഷ്ടപ്പെടും. മാത്രമല്ല ഇത്രയും കാലം ഞാൻ കൊണ്ടുനടന്ന ഒരു ആർട്ടാണ്. പെർഫോം ചെയ്തുകൊണ്ടിരിക്കെ സ്റ്റേജിൽ തന്നെ മരിച്ചുവീഴുക എന്നതാണ് എന്റെ സ്വപ്നമെന്നൊക്കെ ഞാൻ മുമ്പ് പറയുമായിരുന്നു.
അതിൽനിന്നൊക്കെ മാറുന്നതിനേപ്പറ്റി പലതവണ ഞാൻ ആലോചിച്ചു. ഇപ്പോഴും ആ സംഘർഷമുണ്ട്. പിന്നെ ഞാൻ തീരുമാനമെടുത്തു. എന്റെ സാമ്പത്തികമായ നേട്ടവും സന്തോഷവും കാണികളിൽ നിന്ന് ലഭിക്കുന്ന അനുഭൂതി ഇതൊക്കെയാണ് എനിക്ക് നഷ്ടപ്പെടുക. പക്ഷെ അതിലൂടെ ഒരുപാട് കുടുംബങ്ങളിലെ ചിരിയാണ് ഞാൻ നേടുന്നത്. ഒരുപാട് കുട്ടികളെ ചേർത്ത് പിടിക്കാനും ഒരുപാട് അമ്മമാരുടെ കണ്ണീരൊപ്പാനും ആലോചിച്ച് ഒടുവിൽ ഈ തീരുമാനത്തിലെത്തി.
മാജിക് നിർത്തിയാൽ ഇനി?
മാജിക് എന്ന പ്രൊഫഷൻ നിർത്താൻ തീരുമാനിച്ചു. ഇനി എനിക്ക് 100 ശതമാനവും ഇപ്പോഴത്തെ ഉത്തരവാദിത്തങ്ങൾക്ക് വേണ്ടി ചിലവഴിക്കാനാകും. അതിനു ശേഷം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാവുന്ന ഒരു സർവകവലാശാല ആയിട്ട് ഭിന്നശേഷി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു വലിയ പ്രസ്ഥാനമായിട്ട് ഇതിനെ മാറ്റുക എന്നതാണ് എന്റെ സ്വപ്നം.
മാജിക് പ്ലാനറ്റിന്റെയും അക്കാദമിയുടെയും ഭാവി?
മാജിക് പ്ലാനറ്റ് ഇനിയും ഇതുപോലെ തുടരും. കാരണം ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് സ്ട്രീറ്റ് മജീഷ്യൻമാരും മറ്റ് മജീഷ്യന്മാരുമൊക്കെയുണ്ട്. അവരൊക്കെ ഇതിനെക്കൊണ്ടാണ് വരുമാനമുണ്ടാക്കുന്നത്. മാത്രമല്ല ഒരുപാട് ആർട്ടിസ്റ്റുകളുമുണ്ട്. അവർക്കൊക്കെ വേണ്ടി മാജിക് പ്ലാനറ്റ് ഇതുപോലെ തന്നെ തുടരും. പക്ഷെ ഡിഫറന്റ് ആർട്സ് സെന്റർ മാത്രം കുറച്ചുകൂടി വിപുലമായ തലത്തിലേക്ക് കൊണ്ടുപോകും. മാത്രമല്ല മാജിക് അക്കാദമിയുടെ പ്രവർത്തനവും തുടരും. അതിന്റെ കോഴ്സും മറ്റുകാര്യങ്ങളും നിലവിലേതുപോലെ തന്നെ കൊണ്ടുപോകും.
പക്ഷെ ഞാനിനി പ്രൊഫഷണൽ രംഗത്ത് ഇല്ല. എന്ന് വച്ച് ഇനി മാജിക് കാണിക്കില്ല എന്നല്ല പറയുന്നത്. മാജിക്കിനെ എനിക്ക് മറക്കാൻ സാധിക്കില്ല. എവിടെയെങ്കിലും ഒക്കെ വെച്ച് ചെറിയ മാജിക് കാണിക്കുന്നതിൽ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ഇനി ഒരു ഷോമാൻ എന്ന നിലയിൽ ഞാനുണ്ടാകില്ല.
വലിയൊരു തീരുമാനമാണ്, വലിയ ബാധ്യതയുണ്ടാകുന്നതും, ധനസമാഹരണത്തിന് എന്തെങ്കിലും പദ്ധതികളുണ്ടോ? സർക്കാരിലേക്ക് നിർദ്ദേശം വല്ലതും കൊടുത്തിരുന്നോ?
അതേപ്പറ്റി ആലോചിച്ച് തുടങ്ങിയിട്ടില്ല. എനിക്ക് മാജിക് ഷോകൾ വഴി കിട്ടുന്ന വരുമാനത്തിലാണ് ഇതുവരെ കാര്യങ്ങൾ നടന്നുപോയിരുന്നത്. രണ്ടാമത് ഞാൻ എന്റെ സമ്പാദ്യം മുഴുവൻ ഇതിലേക്ക് കൊടുത്തുകഴിഞ്ഞു. ശരിക്കും പറഞ്ഞാൽ എന്റേതെന്ന് പറയാൻ ഇപ്പോൾ ഒന്നുമില്ല. പക്ഷെ ഏതെങ്കിലും വഴിക്ക് ഒക്കെ നടക്കുമെന്നാണ് എന്റെ വിശ്വാസം. കാരണം ഈ കുട്ടികളെ ചേർത്തുപിടിക്കുമ്പോൾ അവരുടെയും അമ്മമാരുടെയും പ്രാർഥന നമ്മോടൊപ്പമുണ്ടാകുമല്ലോ. അതുകൊണ്ട് അത് സംഭവിച്ചിരിക്കും. സർക്കാരിലേക്ക് എല്ലാവർഷവും നിർദ്ദേശം നൽകാറുള്ളതാണ്. കഴിഞ്ഞവർഷം ഗ്രാൻഡ് അനുവദിച്ചിരുന്നു. അതിതുവരെ കിട്ടിയിട്ടില്ല. അതിനായി ശ്രമിക്കുന്നുണ്ട്.
വീട്ടിൽ നിന്നുള്ള പിന്തുണ?
വീട്ടിൽ നിന്ന് പ്രശ്നങ്ങളൊന്നുമില്ല. ഞാനെടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കും എന്ന് വിശ്വസിക്കുന്ന ആളാണ് എന്റെ ഭാര്യ. അതുകൊണ്ട് പ്രശ്നങ്ങളില്ല. പണ്ട് ഇതുപോലെ ആശയക്കുഴപ്പത്തിലായിരുന്ന ഒരു സമയമുണ്ടായിരുന്നു. നിലമ്പൂരിലെ കവളമുക്കട്ട എന്ന എന്റെ ഗ്രാമത്തിൽ നിന്ന് മലയാറ്റൂർ സാർ പറഞ്ഞതനുസരിച്ച് തിരുവനന്തപുരത്തേക്ക് ചേക്കേറുന്ന നിമിഷം. ഇവിടെ വന്ന് പൂജപ്പുരയിൽ എട്ട് സെന്റ് ഭൂമി വാങ്ങിയപ്പോൾ 16 ലക്ഷമായിരുന്നു എന്റെ കടം. ഒരുദിവസം മൂന്നും നാലും ഷോകൾ നടത്തിയാണ് ഞാനത് വീട്ടിയത്. അന്നും ഇതേ സംഘർഷങ്ങളാണ് ഞാൻ അനുഭവിച്ചത്.
പക്ഷെ അന്ന് മലയാറ്റൂർ സാർ പറഞ്ഞതായിരുന്നു ശരി. അതുകൊണ്ട് മാജിക് പ്ലാനറ്റും മാജിക് അക്കാദമിയുമൊക്കെ ഉണ്ടായി. അതുകൊണ്ടു തന്നെ ഇതും ഒരു ശരിയായ തീരുമാനമായിരിക്കും എന്നതാണ് എന്റെ പ്രതീക്ഷ.
ഫോട്ടോ: പ്രവീൺദാസ് എം
മാജിക് പ്ലാനറ്റ് ഉണ്ടാക്കിയപ്പോൾ തന്നെ ഒരുപാട് കടമുണ്ടായിരുന്നു. കടം എന്റെ കൂടെയുള്ളതാണ്. പിന്നെ കടം വീട്ടാനായി വീട് വിറ്റു. അത്തരം സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എനിക്ക് പിന്നെ വലിയ ആർഭാടങ്ങളൊന്നും വേണമെന്ന ആവശ്യക്കാരനല്ല. ഇത്തിരി കഞ്ഞികിട്ടിയാൽ കിടക്കാനൊരിടം കിട്ടിയാൽ അത്രയും മതിയെന്ന് കരുതുന്നൊരാൾ. ജീവിതത്തേ പറ്റി വലിയ സ്വപ്നങ്ങളൊന്നുമില്ല.
പക്ഷെ ഈ കുട്ടികളേപ്പറ്റിയുള്ളതൊക്കെ എന്റെ വലിയ സ്വപ്നമാണ്. ഭിന്നശേഷി സമൂഹത്തോട് ആളുകൾകുണ്ടാകുന്ന സമീപനം മാറ്റുക, ഈ കുട്ടികളുടെ ബൗദ്ധികമായ ഉയർച്ച ഇതിനൊക്കെയുള്ള ഭീമമായ ശ്രമമാണ് നടത്താൻ പോകുന്നത്. അത് വിജയിക്കുമെന്നതാണ് എന്റെ പ്രതീക്ഷ.
Content Highlights: Gopinath Muthukad Magician Interview