കോഴിക്കോട്: മാധ്യമപ്രവർത്തകരെ മർദിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി. അഡ്വ. ജി.സി പ്രശാന്ത് കുമാർ, രാജിവൻ തിരുവച്ചിറ എന്നിവരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
മുൻ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും കോഴിക്കോട് ഡി.സി.സി തീരുമാനിച്ചു. മുതിർന്ന നേതാവായിട്ടും പ്രവർത്തകരെ തടയുന്നതിൽ യു. രാജീവന് വീഴ്ച സംഭവിച്ചതിനാലാണ് നടപടി. ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് കീച്ചമ്പറയെ താക്കീത് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ 13ാം തിയ്യതി കോഴിക്കോട് ഒരു വിഭാഗം എ ഗ്രൂപ്പുകാർ യോഗം ചേർന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയാണ് മർദിച്ചത്. ഗ്രൂപ്പ് യോഗങ്ങൾ ചേരരുത് എന്നുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ നിർദേശമുണ്ടായിട്ടും അത് ലംഘിച്ച് ചേർന്ന യോഗം പുറത്തറിയാതിരിക്കാനാണ് ഇവർ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തത്.
സംഭവത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മുൻ ഡി.സി.സി ഭാരവാഹികളായ ഇ.വി കുഞ്ഞികൃഷ്ണൻ, ജോൺ ഭൂതക്കുഴിയെയും അന്വേഷണ കമ്മീഷനായി കെ.പി.സി.സി നിയോഗിച്ചിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാധ്യമപ്രവർത്തകരെ മർദിച്ചവർക്കെതിരെ അഞ്ച് ദിവസം കൊണ്ട് നടപടി എടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉറപ്പ് നൽകിയിരുന്നു.
Content Highlights: Congress, KPCC,K. Sudhakaran,