പൈനാവ് (ഇടുക്കി): ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തുറന്നു. 772 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുക. അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയിരുന്നു. രാവിലെ എട്ടുമണിയോടെയാണ് ഷട്ടറുകൾ തുറന്നത്.
വൃഷ്ടി പ്രദേശത്ത്മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ട് ഷട്ടറും തുറക്കും. പത്തുമണിയോടെയാകും ഇത്. ഒരു ഷട്ടറാകും തുറക്കുക. ഇന്നലെ രാത്രി കല്ലാർ അണക്കെട്ടും തുറന്നിരുന്നു.
നിലവിൽ മഴ മാറിനിൽക്കുകയാണെങ്കിലും ഹൈറേഞ്ച് ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടർച്ചയായി മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വർധിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ അപ്പർ റൂൾ കർവായ 141 അടിയിലേക്ക് എത്തിക്കഴിഞ്ഞു.നവംബർ 20 വരെയാണ് ഈ അപ്പർ റൂൾ കർവുള്ളത്. അതിനു ശേഷം അപ്പർ റൂൾ കർവ് 142 അടിയാകും. അപ്പർ റൂൾ കർവായ 141 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്ന കാര്യം തമിഴ്നാട് അറിയിച്ചത്. ഇക്കാര്യം തമിഴ്നാട് സർക്കാർ ഔദ്യോഗികമായി കേരള സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 29-നാണ് ഒടുവിൽ സ്പിൽവേ ഷട്ടറുകൾ തുറന്നത്.
content highlights:mullaperiyar dam shutter opened