തിരുവനന്തപുരം
അഞ്ച് ദിവസമായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട തിരുവനന്തപുരം-–-നാഗർകോവിൽ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ബുധൻ രാവിലെ ആറോടെ പള്ളിയാടിക്ക് സമീപമാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞത്. ഈ ഭാഗത്ത് തിങ്കൾ വൈകിട്ടും മണ്ണിടിഞ്ഞിരുന്നു. ഇതടക്കം മൂന്നിടങ്ങളിലെ മണ്ണ് നീക്കൽ പുരോഗമിക്കുകയാണ്. ജോലികൾ പൂർണമായും തീരാൻ രണ്ട് ദിവസം കൂടിയെടുത്തേക്കും. ഡിവിഷണൽ റെയിൽവേ മാനേജർ ആർ മുകുന്ദ് സ്ഥലം സന്ദർശിച്ചു.
കുഴിത്തുറ- ഇരണിയൽ ഭാഗത്തെ ട്രാക്കിലെ വെള്ളക്കെട്ട് മാറിയിട്ടുണ്ട്. ഈ ഭാഗത്തെ പാളങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തൽ. അതേ സമയം ട്രാക്കിലെ മണ്ണ് പൂർണമായി കോരിമാറ്റിയെങ്കിലേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. വ്യാഴവും ഇതുവഴി ഗതാഗത നിയന്ത്രണമുണ്ട്.
റദ്ദാക്കിയ ട്രെയിനുകൾ
നാഗർകോവിൽ-–-തിരുവനന്തപുരം എക്സ്പ്രസ് (16426, 16427), കൊല്ലം-–-തിരുവനന്തപുരം എക്സ്പ്രസ് (16425), തിരുവനന്തപുരം––നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16435) എന്നിവ വ്യാഴാഴ്ച റദ്ദാക്കി. കന്യാകുമാരി-–-ബംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525 ) കൊല്ലത്ത് നിന്നാണ് ബംഗളൂരുയാത്ര ആരംഭിക്കുക. നാഗർകോവിൽ-–കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്തുനിന്ന് യാത്ര തുടങ്ങും. ചെന്നൈ എഗ്മോർ-–ഗുരുവായൂർ എക്സ്പ്രസ് (16127) തിരുനെൽവേലി വരെയാകും.
കൊല്ലം- എഗ്മോർ അനന്തപുരി എക്സ്പ്രസ് (16724) നാഗർകോവിലിൽനിന്നാകും സർവീസ് തുടങ്ങുക. നാഗർകോവിൽ-–-മംഗളൂരു പരശുറാം എക്സ്പ്രസ് (16650), നാഗർകോവിൽ –-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) എന്നിവ തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങും. മംഗളൂരു –നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649), മംഗളൂരു-–-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605) എന്നിവ തിരുവനന്തപുരം വരെയാകും.
തിരുച്ചിറപ്പള്ളി-–-തിരുവനന്തപുരം ഇന്റർസിറ്റി (22627) വ്യാഴാഴ്ച തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. ഇതേ വണ്ടി തിരികെ തിരുനെൽവേലിയിൽനിന്നാകും യാത്ര തുടങ്ങുക. വിവേക് സൂപ്പർഫാസ്റ്റ് (15905), തിരുനെൽവേലി -ഗാന്ധിധാം എക്സ്പ്രസ് (19423) എന്നിവയും തിരുവനന്തപുരത്തുനിന്നാകും സർവീസ് ആരംഭിക്കുക.