ശബരിമല
സന്നിധാനത്ത് മൂന്ന് പ്രസാദ പായ്ക്കിങ് യൂണിറ്റുകൾ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ പായ്ക്കിങ് യന്ത്രത്തിന്റെ പ്രവർത്തനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ഉദ്ഘാടനംചെയ്തു. അഭിഷേക നെയ്യ് പായസം, മഞ്ഞള്‍ – കുങ്കുമം, വിഭൂതി തുടങ്ങിയവ ഈ യന്ത്രത്തിന്റെ സഹായത്തോടെ പായ്ക്ക് ചെയ്യും. 100 മില്ലി ലിറ്ററിന്റെ പായ്ക്കറ്റുകളിലായാണ് അഭിഷേക നെയ്യ് പ്രസാദം നല്‍കുന്നത്. ചെന്നൈ സ്വദേശികളായ ആനന്ദും വെങ്കിടേശുമാണ് മൂന്നു പാക്കിങ് യൂണിറ്റുകള്‍ അയ്യപ്പന് നേര്‍ച്ചയായി സമര്‍പ്പിച്ചത്.
വലിയ നടപ്പന്തലും പടികളും ശുചീകരിച്ചു
സന്നിധാനത്തെ വലിയ നടപ്പന്തലും തിരുമുറ്റത്തേക്ക് കയറുന്ന പടികളും അഗ്നിശമനസേന കഴുകി വൃത്തിയാക്കി. അത്യാഹിതങ്ങള്‍ ഉണ്ടാകാതെ അതീവജാഗ്രത പുലര്‍ത്തുന്നതിനൊപ്പമാണ് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ സന്നിധാനത്ത് തിരക്ക് കുറയുന്ന സമയത്തെ ശുചീകരണം. വലിയ നടപ്പന്തലില്‍ നിന്ന് തിരുമുറ്റത്തേക്ക് കയറുന്ന പടികളിലെ പായല്‍ നീക്കംചെയ്തു. രാവിലെ അപ്പം അരവണ കൗണ്ടര്‍ പരിസരത്തും ഉച്ചയ്ക്കുശേഷം നടപ്പന്തലിലും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചു.
ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ക്കൊപ്പം അയ്യപ്പാ സേവാ സംഘം സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഫയര്‍ഫോഴ്സ് സ്പെഷ്യല്‍ ഓഫീസര്‍ എസ് സൂരജിന്റെ നേതൃത്വത്തിലാണ് വാട്ടര്‍ പമ്പിങ് നടത്തിയത്. സന്നിധാനത്ത് 42ഉം പമ്പയില്‍ 40ഉം അഗ്നിശമനസേനാ അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പമ്പയിലും സന്നിധാനത്തുമായി പ്രവര്‍ത്തിക്കുന്നു.
സംഗീതാർച്ചന നടത്തി കന്നി മാളികപ്പുറം
അയ്യപ്പന്റെ ശ്രീകോവിലിനുമുന്നില്‍ സംഗീതാര്‍ച്ചന നടത്തി കന്നി മാളികപ്പുറമായ യുവശ്രീ. “തേടിവരും കണ്ണുകളില്‍” എന്ന ഭക്തിഗാനത്തിന്റെ തമിഴ് വരികളാണ് യുവശ്രീ ആലപിച്ചത്. ചെന്നൈ സ്വദേശിനിയായ യുവശ്രീ അച്ഛന് ബാലാജിയോടൊപ്പമാണ് ദര്‍ശനത്തിനെത്തിയത്. ബുധൻ ഉച്ചപൂജയ്ക്ക് മുമ്പായിരുന്നു സംഗീതാര്‍ച്ചന. നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ യുവശ്രീ മൂന്നുവര്‍ഷമായി കര്‍ണാടക സംഗീതം അഭ്യസിക്കുന്നു.