തിരുവനന്തപുരം
കുടുംബശ്രീക്ക് ഇനി പുതുതലമുറയുടെ മുഖശ്രീ. രണ്ട് തവണ സിഡിഎസ് ചെയർപേഴ്സണായവർക്ക് ഇനി മത്സരിക്കാനാകില്ല. എഡിഎസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി സ്ഥാനം ഒരാൾക്ക് തുടർച്ചയായി രണ്ട് തവണമാത്രമേ വഹിക്കാനാകൂ. അയൽക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനം തുടർച്ചയായി മൂന്ന് തവണ മാത്രവും.
പട്ടിക വിഭാഗം സംവരണം ചെയർപേഴ്സൺ സ്ഥാനത്തേയ്ക്കാക്കി നിജപ്പെടുത്തി. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ 15 ശതമാനവും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ അഞ്ച് ശതമാനവും. 160 സിഡിഎസ് ചെയർപേഴ്സൺ സ്ഥാനത്ത് പട്ടികജാതിക്കാരും 53 ചെയർപേഴ്സൺ സ്ഥാനത്ത് പട്ടികവർഗക്കാരും ചുമതലയേൽക്കും. എഡിഎസ്, അയൽക്കൂട്ട ഭരണ സമിതിയിലേക്കും ജനസംഖ്യാനുപാതികമായി പട്ടിക വിഭാഗം വരും. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ ജീവനക്കാർ, ആശാവർക്കർ, ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ തുടങ്ങി ശമ്പളമോ ഓണറേറിയമോ വാങ്ങുന്നവർക്കും ഇനി ഭാരവാഹിയാകാനാകില്ല.
സംസ്ഥാനത്ത് 2,94,436 അയൽക്കൂട്ടത്തിലായി 45,85,677പേർ അംഗങ്ങളാണ്. 19,489 എഡിഎസും 1064 സിഡിഎസും കുടുംബശ്രീക്കുണ്ട്. മൂന്ന്വർഷത്തിലൊരിക്കലാണ് ഭാരവാഹി തെരഞ്ഞെടുപ്പ്. കോവിഡായതിനാൽ നിലവിലെ കമ്മിറ്റിയുടെ കാലാവധി ഒരു വർഷം നീട്ടുകയായിരുന്നു. തെരഞ്ഞെടുപ്പ് ജനുവരി ഏഴിന് ആരംഭിച്ച് 25ന് അവസാനിക്കും. ജനുവരി 26ന് പുതിയ ഭരണസമിതി ചുമതലയേൽക്കും.