തിരുവനന്തപുരം
രാജ്യവ്യാപകമായി സമൂഹ അടുക്കള വേണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെടുമ്പോൾ ചർച്ചയാകുന്നത് കേരളമോഡൽ. രണ്ടുവർഷം മുമ്പ് അടച്ചിടൽ കാലത്താണ് ഈ ആശയം സംസ്ഥാനത്ത് നടപ്പിലാക്കിയത്.
ആരും പട്ടിണികിടക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഏറ്റെടുത്ത് തദ്ദേശസ്ഥാപനങ്ങൾ വഴി 1144 സൗജന്യ ഭക്ഷണശാല തുറന്നു. കോവിഡ് ബാധിതർ, നിരീക്ഷണത്തിലുള്ളവർ, നിർധനർ, യാചകർ തുടങ്ങി നാനാതലത്തിലുള്ളവർ ആ കരുതലിന്റെ രുചിയറിഞ്ഞു. 86.5 ലക്ഷം മനുഷ്യരുടെ വിശപ്പാണ് ഇതുവഴി അകന്നത്. കുടുംബശ്രീ, പഞ്ചായത്ത്, കാറ്ററിങ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് അടുക്കളകൾ പ്രവർത്തിച്ചത്. യുവസന്നദ്ധപ്രവർത്തകർ അർഹരുടെ കയ്യിൽ നേരിട്ട് ഭക്ഷണമെത്തിച്ചു.
വിശപ്പകറ്റാൻ ജനകീയ ഹോട്ടലും
‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സമൂഹ അടുക്കളയുടെ തുടർച്ചയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലും സംസ്ഥാനത്ത് ആരംഭിച്ചു. 20 രൂപ നിരക്കിൽ 10.8 ലക്ഷം ഭക്ഷണപ്പൊതിയാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. നിർധനർക്കും കോവിഡ് ബാധിതർക്കും ഭക്ഷണം സൗജന്യമാണ്. ആകെ 1143 ജനകീയ ഹോട്ടലുണ്ട്. 5.40 കോടി ഭക്ഷണപ്പൊതി ഇതുവരെ വിതരണം ചെയ്തു. നാടിനാകെ ഗുണം ചെയ്യുന്ന ഇത്തരം പദ്ധതികൾ തകർക്കാൻ വ്യാജവാർത്ത സൃഷ്ടിക്കുന്ന ചില മാധ്യമങ്ങൾക്കും സുപ്രീംകോടതിയുടെ പരാമർശം തിരിച്ചടിയായി.