അൻസിയുടെ മരണത്തിൽ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. അപകടം നടന്ന രാത്രിയിലെ ദൃശ്യങ്ങൾ റോയിയുടെ നിർദ്ദേശപ്രകാരം ഹോട്ടൽ ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത വർദ്ധിപ്പിക്കുകയാണ്. മകളും സംഘവും സഞ്ചരിച്ച വാഹനം മറ്റൊരു കാർ പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിൽ പറയുന്നു.
അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാൻ വിപുലമായ അന്വേഷണം ആവശ്യമാണെന്ന് അൻസി കബീറിന്റെ ബന്ധു നിസാം പറഞ്ഞു. അൻസി കബീറിന്റെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തേക്കും.
ചോദ്യം ചെയ്യലിനായി പാലാരിവട്ടം സ്റ്റേഷനിൽ വിളിച്ചുവരുത്തിയ റോയി വയലാട്ടിനെ ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ തെളിവെടുപ്പിനായി പോലീസ് കൊണ്ടുപോയി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്താൻ എക്സൈസിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ രണ്ട് ഡിവിആറുകളിൽ ഒന്ന് ചൊവ്വാഴ്ച റോയി ഹാജരാക്കിയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് റോയി അടക്കം ആറ് പേർക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ റോയിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വൈകീട്ട് രണ്ട് ഹോട്ടൽ ജീവനക്കാരെ ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചെന്ന് കരുതുന്ന തേവര കണ്ണങ്കാട്ട് പാലത്തിൽ എത്തിച്ച് തെളിവെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്തുന്നതിനാണ് തെളിവെടുപ്പ് നടത്തുന്നത്.
അതേസമയം മോഡലുകൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ കാർ ഡ്രൈവർ അബ്ദുറഹ്മാന് ജാമ്യം ലഭിച്ചു. കാക്കനാട് ജയിലിൽ നിന്നും ഇന്നാൾ അബ്ദുറഹ്മാൻ പുറത്തിറങ്ങിയത്. അപകടത്തിൽ ഡ്രൈവർ ഒഴികെ മറ്റ് മൂന്നു പേരും കൊല്ലപ്പെട്ടിരുന്നു.