ആലപ്പുഴ> ആലപ്പുഴ ജില്ലയിലെ ദേശീയപാതയുടെ നവീകരണത്തിനായി ടെണ്ടര്‍ നടപടികള്‍ തുടങ്ങിയതായും ഹരിപ്പാട് മുതല്‍ താല്‍ക്കാലിക അറ്റകുറ്റപ്പണി ആരംഭിച്ചതായും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസിൽനിന്ന് അറിയിച്ചു. ദേശീയപാത ആറുവരിപ്പാതയാക്കല്‍ പദ്ധതി വേഗത്തില്‍ മുന്നോട്ട് പോകുമ്പോഴും നിലവിലെ ദേശീയപാത അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ജനങ്ങള്‍ വലിയ പ്രയാസത്തിലായിരുന്നു. പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിലെ ദേശീയപാതയുടെ സ്ഥിതി പരിതാപകരമായിരുന്നു. ഒട്ടേറെ അപകടങ്ങള്‍ നടക്കുകയും ജനങ്ങള്‍ വലിയതോതില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നിന്നും ഈ റോഡുകള്‍ ആറുവരിപ്പാത വികസനത്തിനായി ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് റോഡിലെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ സാധിച്ചില്ല. നവീകരണത്തിനായി മന്ത്രി മുഹമ്മദ് റിയാസ് നിരന്തരം ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടു.
ഒക്ടോബര്‍ 28 ന് ഡല്‍ഹിയില്‍ മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ആറ് വരിപ്പാത വികസനം വരുന്നതുവരെ കാത്തിരിക്കാതെ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് റിയാസ് ആവശ്യപ്പെട്ടു. റോഡിലെ കുഴികള്‍ അടച്ചാല്‍ മാത്രം പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചു. തുടര്‍ന്ന് ടാറിംഗ് പ്രവൃത്തി തന്നെ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പൊതുമരാമത്ത് വകുപ്പ് നല്കുന്ന എസ്റ്റിമേറ്റിന് അനുസരിച്ച് പ്രവൃത്തി നടത്താനായിരുന്നു തീരുമാനം.
താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ മെറ്റലും മണലും എംസാന്റും ഉപയോഗിച്ചാണ് ഇപ്പോള്‍ കുഴി അടയ്ക്കുന്നത്. ടാറിംഗ് പ്രവൃത്തി നടത്തുന്നതിന് ആവശ്യമായ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്.