രാജ്യത്തെ പ്രധാന നഗരമായ സിഡ്നി അടുത്ത കാലം വരെ നീണ്ട ലോക്ക്ഡൗണിലായിരുന്നു. ഈ സമയത്ത് വീട്ടിലിരുന്ന് ബോറടിച്ച ഒരു യുവാവ് ചെയ്തതെന്തെന്നോ? തന്റെ പൂന്തോട്ടത്തിന് ചുറ്റും 18 അടി ഉയരത്തിൽ കൂറ്റൻ മതിൽ നിർമ്മിച്ചു. അലി എന്ന് പേരുള്ള യുവാവാണ് ബോറടി മാറ്റാൻ മതിൽ പണിതത്. ഒരു ശരാശരി പൂന്തോട്ട വേലിയുടെ മൂന്നിരട്ടി വലിപ്പമുള്ളതാണ് ‘ചെസ്റ്ററിലെ വലിയ മതിൽ’ എന്ന വൈറലായ അലിയുടെ മതിൽ.
“അതൊരു കൊവിഡ് മസ്തിഷ്ക സ്ഫോടനമായിരുന്നു. എവിടെയും പോകാനാകാതെ നിങ്ങൾ വീട്ടിൽ ഇരിക്കുന്നു. സദാസമയവും അയൽക്കാരുടെ കണ്ണുകൾ നിങ്ങളുടെ വീട്ടിലേക്കാണ്. നിങ്ങൾ പറയൂ? നിങ്ങൾ എന്ത് ചെയ്യും. ഞാൻ ഒരു മതിൽ പണിതു” അലി പറഞ്ഞതായി 9NOW റിപ്പോർട്ട് ചെയുന്നു. അതെ സമയം വിരസത കൊണ്ട് മാത്രമല്ല മതിൽ നിമ്മിച്ചത് എന്നും കൂടുതൽ സ്വകാര്യത വേണം എന്ന ആഗ്രഹവും തന്റെ ഈ പ്രവൃത്തിക്ക് പിന്നിലുണ്ട് എന്ന് അലി വ്യക്തമാക്കിയിട്ടുണ്ട്.
അലിയുടെ ഉദ്ദേശം നടന്നെങ്കിലും ഇപ്പോൾ മതിൽ നിലനിറുത്താനുള്ള പോരാട്ടത്തിലാണ് കക്ഷി. മതിൽ ഉടൻ തകർക്കുകയോ അല്ലെങ്കിൽ നിയമനടപടി നേരിടുകയോ ചെയ്യണമെന്നാണ് അയൽവാസികളുടെ ആവശ്യം. മതിലിന്റെ ഉയരം അവരുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് സമീപവാസികൾക്ക് പ്രശ്നം. മാത്രമല്ല സ്റ്റീൽ ഫ്രെയിമുകളും ചട്ടിയിലെ തടിയും കൊണ്ട് പാർക്വെട്രി ഡിസൈനിലാണ് തന്റെ ഭാഗത്ത് മതിൽ ക്രമീകരിച്ചിരിക്കുന്നത് എങ്കിലും അയൽവാസിയുടെ ഭാഗത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന ഫ്രയിമുകളും കല്ലുകളുമായി അത്ര ആകർഷണീയമല്ല. ഇതാണ് അയൽവാസികളെ ചൊടിപ്പിച്ചിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കകം മതിൽ പൊളിക്കാൻ അലിക്ക് കംബർലാൻഡ് കൗൺസിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.