കോഴിക്കോട്: കേരളത്തിലെ പാർട്ടി പുനഃസംഘടന ഉപേക്ഷിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്ന് കരുതി പുനഃസംഘടന നടത്താതിരുന്നാൽ അത് പ്രവർത്തനത്തെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തകരുടേയും എക്സിക്യൂട്ടീവിന്റേയും ഡിസിസി പ്രസിഡന്റുമാരുടേയും വികാരം മാനിച്ചാണ് പുനഃസംഘടന നടപ്പിലാക്കുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാർ ചുമതലയേറ്റ സ്ഥലങ്ങളിൽ പലയിടത്തും 120 മുതൽ 150 വരെ ഭാരവാഹികളാണുള്ളത്. ഇത്രയും ആളുകളുമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പുനഃസംഘടന നടത്തുന്ന രീതി ഉത്തരേന്ത്യയിൽ ഉണ്ടെന്നും സതീശൻ പറഞ്ഞു.
പുനഃസംഘടന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് സോണിയ ഗാന്ധിയെ കാണുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം. മുതിർന്ന നേതാക്കൾക്ക് പരാതിയുള്ളതായി അറിയില്ല. അവർ ആരോടും പരാതി പറഞ്ഞിട്ടുമില്ല. മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിക്കുമെന്നും സതീശൻ പറഞ്ഞു.
അതേസമയം, പുനഃസംഘടന സംബന്ധിച്ച് ഉമ്മൻചാണ്ടിക്ക് അസംതൃപ്തിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ.സി വേണുഗോപാലുമായും ഉമ്മൻചാണ്ടി ചർച്ച നടത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന വേണ്ടെന്ന നിലപാടാണ് ഗ്രൂപ്പുകൾക്കുമുള്ളത്.
സംഘടനാപരമായ കാര്യങ്ങളിൽ എല്ലാവരുടേയും അഭിപ്രായങ്ങൾ കേൾക്കുകയും പരിഹരിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യുമെന്നും സതീശൻ പറഞ്ഞു. അതേസമയം, ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോഴും പിന്നീട് കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോഴുമുള്ള തിരിച്ചടികൾ മുന്നിൽക്കണ്ട് ഒരുമിച്ച് നീങ്ങാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. എന്നാൽ ഇതിൽ കൂടുതൽ പ്രതികരണങ്ങൾക്കോ വിവാദങ്ങൾക്കോ ഇല്ലെന്നാണ് സതീശൻ പ്രതികരിച്ചത്.
കെ റെയിൽ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സാഡിസ്റ്റ് പ്രയോഗത്തിനും സതീശൻ മറുപടി നൽകി. മുഖ്യന്ത്രിക്ക് മോദിയുടെ സ്വരമാണ്. തങ്ങളുടെ നയങ്ങൾക്കെതിരേ ആരെങ്കിലും സംസാരിച്ചാൽ അവരെ ദേശവിരുദ്ധരാക്കുന്നതാണ് മോദിയുടേയും പിണറായിയുടേയും ശൈലി. അത് ഏകാധിപതിമാരുടെ ലക്ഷണമാണ്. ആ ഭീഷണി വിലപ്പോവില്ലെന്നും തങ്ങൾക്ക് വേണ്ടത് ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ അതിൽ ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്ന് സതീശൻ പറഞ്ഞു.
പാരിസ്ഥിതിക പഠനം നടത്താതെ എങ്ങനെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകും. രാത്രി മുഴുവൻ മഴ പെയ്താൽ പ്രളയം എന്നതാണ് കേരളത്തിന്റെ അവസ്ഥ. അപ്പോൾ പാരിസ്ഥിതിക പഠനം നടത്തിയില്ലെന്നത് കുറ്റകരമാണ്. ഇതുപോലൊരു വമ്പൻ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ എങ്ങനെയാണ് സാമൂഹികാഘാത പഠനത്തെ ഒഴിവാക്കാൻ കഴിയുകയെന്നും സതീശൻ ചോദിക്കുന്നു. 2018-ൽ 1.24 ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് നീതി ആയോഗ് പറഞ്ഞ പദ്ധതിക്ക് ഇന്നത്തെ അവസ്ഥയിൽ 1.50 ലക്ഷം കോടിയുടെ ചെലവ് വരും. ഇത് സാമ്പത്തികമായി തകർച്ചയിലേക്ക് നയിക്കുമെന്നും സതീശൻ വിമർശിച്ചു.
Content Highlights: VD Satheesan on congress reshuffle and k rail