എടക്കര (മലപ്പുറം) > മാവോയിസ്റ്റ് നേതാവ് ഛത്തീസ്ഗഢ് സ്വദേശി ദീപക്കിനെ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി വഴിക്കടവ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. എൻഐഎ കസ്റ്റഡിയിലുള്ള ഇയാളെ ചൊവ്വാഴ്ച പൊലീസിന് കൈമാറി. പോത്ത്കല്ല് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മഞ്ചേരി ജില്ലാ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. വ്യാഴാഴ്ച എൻഐഎയ്ക്ക് തിരിച്ചേൽപ്പിക്കണം. നിലമ്പൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
നിലമ്പൂർ വനത്തിൽ 2016ലും പാലക്കാട് മഞ്ചക്കണ്ടിയിൽ 2019ലും ഉണ്ടായ ഏറ്റുമുട്ടൽ കേസുകളിൽ പ്രതിയാണ് ദീപക്. ബുധനാഴ്ചയാണ് തെളിവെടുപ്പ്. നിലമ്പൂർ കാട്ടിലെ വരയൻമലയിൽ മാവോയിസ്റ്റുകൾക്ക് ഇയാളുടെ നേതൃത്വത്തിൽ ആയുധ പരിശീലനം നൽകിയിട്ടുണ്ട്. അവിടെയുൾപ്പെടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണം.
കാലാവസ്ഥ പ്രതികൂലമാണെങ്കിൽ സംഭവസ്ഥലത്തേക്ക് കൊണ്ടുപോകില്ല. സാക്ഷികളായ ആദിവാസികളെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കി തെളിവെടുക്കും. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിൽ മാവോയിസ്റ്റ് പാർടിയുമായുള്ള ബന്ധത്തെക്കുറിച്ച് ദീപക് ഉത്തരം നൽകുന്നില്ലെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് മാത്രമാണ് മറുപടി തരുന്നതെന്നും ഡിവൈഎസ്പി പറഞ്ഞു.
തണ്ടർ ബോൾട്ടിന്റെയും സായുധ പൊലീസിന്റെയും കാവലിൽ വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് ഇയാൾ. നിലമ്പൂർ ഏറ്റുമുട്ടൽ കേസ് എൻഐഎ ഏറ്റെടുത്തതിന് പിന്നാലെയാണ് ഛത്തീസ്ഗഢ് ജയിലിലായിരുന്ന ദീപക്കിനെ കേരളത്തിലെത്തിച്ചത്. നിലമ്പൂർ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട തെളിവെടുപ്പ് എൻഐഎ പൂർത്തിയാക്കി. മൊഴി രേഖപ്പെടുത്തലാണ് ബാക്കിയുള്ളത്.