ന്യൂഡൽഹി: കെ.പി.സി.സി. പുനഃസംഘടന നിർത്തിവെപ്പിക്കാൻ ഉമ്മൻ ചാണ്ടി സമ്മർദംചെലുത്തുന്നതായി റിപ്പോർട്ട്. നാളെ സോണിയാ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തും. എ.ഐ.സി.സി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിപുലമായ പുനഃസംഘടന ഒഴിവാക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുമെന്നാണ് വിവരം.
വിപുലമായ കെ.പി.സി.സി. പുനഃസംഘടന പാടില്ല എന്നൊരു നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ ഉണ്ടായിരുന്നത്. നവംബർ രണ്ടിന് ചേർന്ന കെ.പി.സി.സി. നേതൃയോഗത്തിൽ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പല മുതിർന്ന നേതാക്കളും സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന നിർദേശമായിരുന്നു മുന്നോട്ടുവച്ചിരുന്നത്. എന്നാൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ഇത് തള്ളിയിരുന്നു. അതായത് ഭൂരിഭാഗം ഡി.സി.സികളും പുനഃസംഘടനയുമായി മുന്നോട്ടു പോകാൻ പച്ചക്കൊടി കാണിച്ചിരുന്നു എന്നായിരുന്നു സുധാകരൻ വ്യക്തമാക്കിയത്. എന്നാൽ എ, ഐ ഗ്രൂപ്പുകൾ ഇതിനെ ശക്തമായി എതിർക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കനത്ത സമ്മർദവുമായി ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തിയിരിക്കുന്നത്.
നാളെ സോണിയാ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തും. എ.ഐ.സി.സി. ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ കെ.പി.സി.സി. പുനഃസംഘടന വിപുലമായ തരത്തിൽ പാടില്ലെന്ന കാര്യമാകും ഉമ്മൻ ചാണ്ടി മുന്നോട്ടുവെക്കുക. നിലവിൽ മെമ്പർഷിപ്പ് ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിനുകൾ നടക്കുക. സ്വാഭാവികമായും എ.ഐ.സി.സി. തലത്തിലേക്ക് തിരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്. കെ.പി.സി.സി. അധ്യക്ഷനെ ഉൾപ്പെടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ.ഐ.സി.സി. നിർദേശിച്ചിരിക്കുന്നത്. അതിനാൽത്തന്നെ നിലവിലെ പുനഃസംഘടന നിർത്തിവെക്കണമെന്ന ആവശ്യമായിരിക്കും ഉമ്മൻ ചാണ്ടി പ്രധാനമായും ആവശ്യപ്പെടുക.
കെ.പി.സി.സി. സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടക്കാൻ പോവുകയാണ് കെ.പി.സി.സി. ഇത് തടയണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടി മുന്നോട്ടുവെക്കും. കുറച്ചുനാൾ മുൻപ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ഏതെങ്കിലും വിധത്തിലുള്ള നിർദേശമോ അറിയിപ്പോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പുനഃസംഘടന നിർത്തിവെക്കണം എന്ന ആവശ്യം തന്നെ ആയിരുന്നു ചെന്നിത്തലയും അന്ന് ഉന്നയിച്ചിരുന്നത്.
content highlights:oommen chandy will meet sonia gandhi, will request to stop kpcc reorganization