തിരുവനന്തപുരം: മധ്യകിഴക്കൻ അറബികടലിൽ കർണാടക തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെട്ടു. കർണാടകയ്ക്കും വടക്കൻ കേരളത്തിനും സമീപം മധ്യ കിഴക്കൻ-തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തുലാവർഷ സീസണിൽ (47 ദിവസത്തിൽ) രൂപപ്പെടുന്ന ഏട്ടാമത്തെ ന്യൂനമർദമാണിത്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും(ചൊവ്വായും ബുധനും) വ്യാപകമായ മഴക്കും വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. എന്നാൽ, കേരളത്തിൽ നിന്ന് അകന്നു പോകുന്നതിനാൽ കൂടുതൽ ഭീഷണിയില്ല.
കേരള – ലക്ഷദ്വീപ് തീരത്ത് നവംബർ 16 നും വടക്കൻ കേരള തീരത്ത് നവംബർ 16 വരെയും കർണാടക തീരത്ത് നവംബർ 17 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കു ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദം (well marked low pressure) ആകാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു നവംബർ 18 ഓടെ മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.
Content Highlights: Low-pressure to form over Arabian Sea, heavy rains expected in TN on Nov 16,17