കോഴിക്കോട്
കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് അനുകൂലികൾ നടത്തിയത് ഗ്രുപ്പുയോഗമല്ല നെഹ്റു അനുസ്മരണമാണെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ. എന്നാൽ എ, ഐ ഗ്രൂപ്പുകൾ ഇതംഗീകരിക്കുന്നില്ല. സിദ്ദിഖിന്റെ പിന്തുണയിൽ ഔദ്യോഗിക ഗ്രൂപ്പ് യോഗമാണ് ചേർന്നതെന്ന് ഇരുപക്ഷവും പറയുന്നു. ചൊവ്വാഴ്ച ജില്ലയിലെത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെയടക്കം പ്രതിഷേധമറിയിക്കാനുള്ള ഒരുക്കത്തിലാണിവർ.
യോഗത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ന്യായീകരിച്ചു. മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ യോഗം നടത്തുന്നത് അറിയിച്ചിരുന്നു. ഗ്രൂപ്പ് യോഗമല്ലെന്ന് പറയുന്നത് ആരേയും സംരക്ഷിക്കാനല്ല. ഭയന്നിട്ടോ സമ്മർദംമൂലമോ അല്ലെന്നും പ്രവീൺകുമാർ അവകാശപ്പെട്ടു.
യോഗസ്ഥലത്ത് മാധ്യമപ്രവർത്തകരെ അക്രമിച്ചതിനെക്കുറിച്ച് പാർടി അന്വേഷിക്കുന്നുണ്ട്. മൂന്നുദിവസത്തിനകം കമീഷൻ റിപ്പോർട്ട് കിട്ടും. അക്രമികൾക്കെതിരെ നടപടിയെടുക്കുമെന്നും പ്രവീൺകുമാർ പറഞ്ഞു.
എതിർപ്പുമായി എ, ഐ ഗ്രൂപ്പുകൾ
നെഹ്റു സ്മരണയെന്ന പേരിൽ സംഘടിപ്പിച്ചത് ഗ്രൂപ്പ് യോഗമല്ലെന്ന ഡിസിസി വിശദീകരണം എ ഗ്രൂപ്പും ഐ ഗ്രൂപ്പും തള്ളുന്നു. സംഘടന പിടിക്കാനും ഭാരവാഹിത്വം വീതംവെപ്പിനുമായിരുന്നു സിദ്ദിഖിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ്യോഗം ചേർന്നതെന്ന് ഇവർ വ്യക്തമാക്കുന്നു. നെഹ്റു വിചാരവേദിയുമായി പരിപാടിക്ക് ബന്ധമില്ലെന്ന് വിചാരവേദി ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് യോഗമല്ലെങ്കിൽ ഒരുവിഭാഗം നേതാക്കൾ മാത്രം പങ്കെടുത്തതെങ്ങനെ എന്ന ചോദ്യവും ഇവരുയർത്തുന്നു. മറ്റുള്ളവരെ അച്ചടക്കത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി ഗ്രൂപ്പ് ശക്തമാക്കുകയാണ് ഡിസിസി–-കെപിസിസി ഭാരവാഹികൾ.
സെമികേഡറെന്നും കേഡറെന്നും പറഞ്ഞ് സ്വന്തം ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്. മാധ്യമപ്രവർത്തകരെ അക്രമിച്ച നേതാക്കൾക്കെതിരെ നടപടിയും ആവശ്യപ്പെടുന്നു. അതിനിടെ അക്രമത്തിനിരയായ മാധ്യമപ്രവർത്തകരിൽനിന്ന് പൊലീസ് മൊഴിയെടുത്തു.