തിരുവനന്തപുരം
മുല്ലപ്പെരിയാർ മരംമുറി ഉത്തരവുമായി ബന്ധപ്പെടുത്തി ചേരാത്ത യോഗത്തിന്റെ ‘തീരുമാനം’ പ്രചരിപ്പിക്കുന്നത് തുടർന്ന് മാധ്യമങ്ങൾ. ജലവിഭവവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മരംമുറിക്കാൻ ഉത്തരവിട്ടെന്നാണ് പ്രചാരണം. അങ്ങനെയൊരു യോഗം ചേർന്നിട്ടില്ലെന്ന് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. മറിച്ച് ഒരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടുമില്ല. എന്നിട്ടും വിവാദങ്ങൾ കൊഴുപ്പിക്കാൻ നുണപ്രചാരണം തുടരുകയാണ്.
മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട ഒരു വിവരവും ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സർക്കാരിന് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വനം സെക്രട്ടറി വിശദീകരിച്ചിരുന്നു. ഉത്തരവിട്ടത് എല്ലാവരും അറിഞ്ഞാണെന്ന മാധ്യമങ്ങളുടെയും ബെന്നിച്ചൻ തോമസിന്റെയും വാദം പൊളിക്കുന്ന തെളിവുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഉത്തരവിറക്കാനിടയായ സാഹചര്യം സംബന്ധിച്ച് അന്വേഷിക്കുന്ന ചീഫ് സെക്രട്ടറിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം നൽകി. ബെന്നിച്ചൻ തോമസ് സസ്പെൻഷനിലാണ്.