കൊച്ചി
സുകുമാരക്കുറുപ്പിനെ പിടികൂടാനായില്ലെങ്കിലും ‘കുറുപ്പി’ന്റെ വ്യാജപതിപ്പിന്റെ ഉറവിടം കണ്ടെത്തി കൊച്ചിയിലെ സൈബർ സുരക്ഷാ ടീം. തമിഴ്നാട്ടിൽനിന്ന് ഇറക്കിയ വ്യാജപതിപ്പ് ടെലിഗ്രാമിലും വെബ്സൈറ്റുകളിലും പ്രചരിക്കുന്നത് തടയാൻ ചിത്രത്തിന്റെ നിർമാതാക്കളായ എം സ്റ്റാർ എന്റർടെയിൻമെന്റ്സാണ് സൈബർ സുരക്ഷാ സംഘത്തെ നിയോഗിച്ചത്. ഒബ്സ്ക്യുറ, ബ്ലോക്ക് എക്സ് എന്നീ സൈബർ സുരക്ഷാദാതാക്കളുടെ സഹായത്തോടെ വ്യാജനെ പിടികൂടി നശിപ്പിക്കും.
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബെറ്റ് മാസ്റ്റർ കമ്പനിയുടെ വൺ എക്സ് ബെറ്റ് ഡോട്ട് കോം എന്ന വാതുവയ്പ് സൈറ്റ് കുറുപ്പിന്റെ വ്യാജപതിപ്പ് ഇറക്കുന്നവർക്ക് 23,000 രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ തിയറ്ററിൽനിന്ന് റെക്കോഡ് ചെയ്ത പ്രിന്റാണ് ഇതിൽ അപ്ലോഡ് ചെയ്തത്. കേരളത്തിലെ തിയറ്ററിൽനിന്ന് റെക്കോഡ് ചെയ്ത മലയാളം ഓഡിയോയും ചേർത്തിട്ടുണ്ട്. ഈ വ്യാജപതിപ്പാണ് ടൊറന്റ് വെബ്സൈറ്റിലും ടെലിഗ്രാമിലും പ്രചരിക്കുന്നത്.
സൈബർ ടീമിലെ പ്രത്യേക വാട്സാപ് ഗ്രൂപ്പിലുള്ളവർ മൂന്നു ടീമായി തിരിഞ്ഞ് 24 മണിക്കൂറും നിരീക്ഷണം നടത്തും. ടെലിഗ്രാമിൽ വ്യാജപതിപ്പ് പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ടെലിഗ്രാമിന് ലിങ്ക് വച്ച് പരാതി നൽകും. ടെലിഗ്രാം ലിങ്ക് നീക്കം ചെയ്യും. ലിങ്കുകൾ പ്രചരിപ്പിക്കുന്നവരുടെ ഫോൺ നമ്പറും ഇ–-മെയിൽ വിലാസവും ട്രാക്ക് ചെയ്യാനും ടീമിന് കഴിയും. ഇവരോട് ലിങ്ക് നീക്കം ചെയ്യാൻ ആവശ്യപ്പെടും. തയ്യാറാകാത്തവരുടെ വിവരങ്ങൾ പൊലീസിന് കൈമാറും. പ്രചരിപ്പിക്കുന്നവരിൽ 90 ശതമാനവും 18 വയസ്സിൽ താഴെയുള്ളവരാണ്.
കുറുപ്പിന്റെ വ്യാജൻ അതിവേഗം പ്രചരിക്കുന്നത് തടയാൻ സൈബർ ടീമിന് സാധിച്ചതായി എം സ്റ്റാർ എന്റർടെയിൻമെന്റ്സ് ഡയറക്ടർ അനീഷ് മോഹൻ പറഞ്ഞു. വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നവരുടെ സ്ക്രീൻ ഷോട്ട് അടക്കമുള്ള വിവരങ്ങൾ സഹിതം സൈബർ ഡോമിന് പരാതി നൽകിയിട്ടുണ്ട്.