ലിസ്ബൺ
ഖത്തർ ലോകകപ്പിലേക്കുള്ള വഴിയിൽ പോർച്ചുഗലിന് ഇടർച്ച. യൂറോപ്യൻ മേഖലാ യോഗ്യതാഘട്ടത്തിലെ നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും സെർബിയയോട് തോറ്റു. അലെക്സാണ്ടർ മിത്രോവിച്ച് അവസാനനിമിഷം തൊടുത്ത ഗോളിൽ 2–1നാണ് സെർബിയ ജയം നേടിയത്. സെർബിയ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി. പോർച്ചുഗലിന് ഇനി പ്ലേ ഓഫ് പിടിവള്ളിയിലാണ് പ്രതീക്ഷ.
സ്വീഡനെ തോൽപ്പിച്ച് സ്പെയ്ൻ ഖത്തർ ടിക്കറ്റ് ഉറപ്പാക്കി. അൽവാരോ മൊറാട്ടയുടെ ഗോളിലാണ് ജയം.
സ്വന്തം തട്ടകമായ ലിസ്ബണിൽ കണ്ണീരോടെയാണ് റൊണാൾഡോയും സംഘവും കളംവിട്ടത്. റെനാറ്റോ സാഞ്ചെസിന്റെ ഗോളിൽ തുടക്കത്തിൽ ലീഡ് നേടിയ പോർച്ചുഗലിന് ആ മികവ് നിലനിർത്താനായില്ല. റൊണാൾഡോ മങ്ങിയത് തിരിച്ചടിയായി. ലക്ഷ്യത്തിലേക്ക് ഒരുതവണപോലും മുപ്പത്താറുകാരന് ഷോട്ട് പായിക്കാനായില്ല. സ്വന്തം തട്ടകത്തിൽ 2013നുശേഷം ആദ്യമായാണ് ലോകകപ്പ് യോഗ്യതാ മത്സരം തോൽക്കുന്നത്.
ദുസാൻ ടാഡിച്ചിലൂടെയായിരുന്നു സെർബിയയുടെ ആദ്യ പ്രഹരം. ടാഡിച്ചിന്റെ ഷോട്ട് കെെയിലൊതുക്കാൻ പോർച്ചുഗൽ ഗോൾകീപ്പർ റൂയി പട്രീഷേ-്യാക്ക് കഴിഞ്ഞില്ല. 90–ാംമിനിറ്റിൽ മിത്രോവിച്ച് സെർബിയക്ക് ജയമൊരുക്കി.
ഗ്രൂപ്പ് എയിൽ 20 പോയിന്റുമായാണ് സെർബിയയുടെ മുന്നേറ്റം. പോർച്ചുഗലിന് 17 പോയിന്റ്. സമനില നേടിയാൽപ്പോലും പോർച്ചുഗലിന് യോഗ്യത സ്വന്തമാക്കാനാകുമായിരുന്നു. ഗ്രൂപ്പ് ബിയിൽ 86–ാംമിനിറ്റിലാണ് മൊറാട്ട സ്പെയ്നിന് ജീവൻ നൽകിയത്. സ്വീഡൻ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിൽ എത്തി.