എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയാണ് മത്സരിക്കുന്നത്. കേരളാ കോൺഗ്രസ് എം യുഡിഎഫിനൊപ്പം പ്രവർത്തിക്കവെയാണ് ജോസ് കെ മാണിക്ക് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിൽ നിന്നും കേരളാ കോൺഗ്രസ് എമ്മിനെ പുറത്താക്കിയതിനെത്തുടർന്നായിരുന്നു ജോസ് കെ മാണിയുടെ രാജി.
തിങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുൻപാകെയാണ് ജോസ് കെ മാണി പത്രിക സമർപ്പിച്ചത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 16നാണ്. 17നാണ് സൂക്ഷമപരിശോധന നടക്കുക. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22നാണ്.
എൽഡിഎഫ് കൺവീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവൻ സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി കെ പ്രകാശ് ബാബു. മന്ത്രിമാരായ ജി ആർ അനിൽ, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ എൻ ജയരാജ്, തോമസ് ചാഴിക്കാടൻ എം പി, എം എൽ എമാരായ മാത്യു ടി തോമസ്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കല്‍, കേരളാ കോണ്‍ഗ്രസ് എം ഓഫിസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവർ എത്തിയിരുന്നു.
ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകാൻ എൽഡിഎഫിൽ ധാരണയായിരുന്നു. യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ സാചര്യത്തിലായിരുന്ന ജോസ് കെ മാണി നേരത്തെ രാജ്യസഭാ അംഗത്വം രാജിവെച്ചത്. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസിന് തന്നെ സീറ്റ് നൽകാൻ മുന്നണി തീരുമാനിച്ചത്. കഴിഞ്ഞ ജനുവരി 11നായിരുന്നു ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ജോസ് കെ മാണിയ്ക്ക് പുറമെ സ്റ്റീഫൻ ജോർജ് ഉൾപ്പെടെയുള്ള പേരും ഉയർന്ന് കേട്ടിരുന്നു.