കൊച്ചി > മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതിയും കാർ ഡ്രൈവറുമായ അബ്ദുൾ റഹ്മാന് ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിനായി ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷം ഉപാധികളോടെയാണ് കാക്കനാട് കുന്നുംപുറം ജെഎഫ്സിഎം കോടതി ജാമ്യം നൽകിയത്.
ഔഡി കാർ പിന്തുടർന്നത് ഉൾപ്പെടെയുള്ള ദുരൂഹതകൾ അന്വേഷിക്കാൻ മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. അപകടം നടന്ന ദിവസംമുതൽ അബ്ദുൾ റഹ്മാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിശാപാർടിയിൽ പങ്കെടുത്തവർ ആരെല്ലാം, അപകടത്തിലേക്ക് നയിച്ച സാഹചര്യമെന്ത്, ഔഡി കാർ പിന്തുടർന്നതിലെ ദുരൂഹത എന്നിവയെക്കുറിച്ച് അന്വേഷിക്കേണ്ടതിനാൽ പ്രതിയെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ആരോഗ്യം പൂർണമായി വീണ്ടെടുക്കാനാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഫോർട്ട് കൊച്ചിയിൽ നിശാപാർടി നടത്തിയ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനായിട്ടില്ല. ഇവ നശിപ്പിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. നിശാപാർടി നടന്ന സ്ഥലം, പാർക്കിങ് ഏരിയ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് നഷ്ടമായത്.