കൊല്ലം > വർഗീയതയ്ക്കെതിരെ എന്ന പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ നയിച്ച പദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ സാരി വിവാദം. പദയാത്രയിൽ പങ്കെടുക്കുന്ന വനിതാ പ്രവർത്തകർക്കായി വാങ്ങിയ 1000 സാരിയിൽ 800 എണ്ണം കാണാനില്ലെന്ന് തൊടിയൂർ സ്വദേശിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പരാതിയുമായി ഡിസിസി നേതൃത്വത്തെ സമീപിച്ചു.
ചവറ കെഎംഎംഎൽ മൈതാനത്തുനിന്ന് കരുനാഗപ്പള്ളിവരെയാണ് ജില്ലാ യൂത്ത് കോൺഗ്രസ് 5000 പേരെ പങ്കെടുപ്പിച്ച് പദയാത്ര നടത്താൻ നിശ്ചയിച്ചത്. പദയാത്രയിൽ സ്ത്രീകളെ കൂട്ടാനായി 1000 സെറ്റ് സാരിയും അതിന് ചേരുന്ന വളയും ബാഗും വാങ്ങി. ഇതിന്റെ പേരിൽ വ്യാപക പിരിവും നടത്തി. യൂത്ത് കോൺഗ്രസ് നേതാക്കളെ അവഗണിച്ച് കോൺഗ്രസ് പന്മന മണ്ഡലം പ്രസിഡന്റിനെയാണ് സാരി വാങ്ങാൻ ചുമതലപ്പെടുത്തിയത്. 200 സാരി വിതരണം ചെയ്തെന്നാണ് പറയുന്നതെങ്കിലും പദയാത്രയിൽ നൂറിൽ താഴെ സ്ത്രീകൾ മാത്രമാണ് എത്തിയതെന്നാണ് പരാതി.
ഷാഫി പറമ്പിലിനെ കൂടാതെ കെ എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി, സി ആർ മഹേഷ് എംഎൽഎ തുടങ്ങിയവരാണ് പദയാത്ര നയിച്ചത്. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഫ്ലാഗ് ഓഫ് ചെയത് പദയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് രമേശ് ചെന്നിത്തലയായിരുന്നു.