തിരുവനന്തപുരം > സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു. മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യമന്ത്രി ജി ആർ അനിൽ എന്നിവർ ചേർന്ന് വിദ്യാർഥികളെ സ്വീകരിച്ചു.
സംസ്ഥാനത്ത് മഴ കനത്തതിനെ തുടർന്ന് അവധി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഒഴികെ ഇന്ന് മുതൽ ക്ലാസുകൾ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കോവിഡ് ശേഷം ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ ക്ലാസുകളുടെ നടത്തിപ്പിന്റെ കുട്ടികളുടെ ആരോഗ്യ കാര്യത്തിലും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല.
23ന് പുതിയ ബാച്ചുകളെ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. രണ്ടാമത്തെയും മൂന്നാമത്തെയും അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിന് ശേഷമാണ് കൂടുതൽ ബാച്ചുകൾ അനുവദിക്കുന്നതിൽ തീരുമാനമുണ്ടാകും. ഈ മാസം അവസനത്തോടെ എല്ലാ കുട്ടികൾക്കും പ്രവേശനം നൽകാനാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.