പത്തനംതിട്ട: നാളെമുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാനിരിക്കേ, മഴ ശക്തമായ സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള പാതകളിൽ ഗതാഗതം ദുഷ്കരമാകും.കനത്തമഴയെ തുടർന്ന് ശബരിമലയിലേക്കുള്ള പല പാതകളും തകർന്ന നിലയിലാണുള്ളത്. അച്ചൻകോവിലാർ പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. മാത്രമല്ല, ചെറുതോടുകളും കനാലുകളും കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതി തുടരുകയാണ്.
പത്തനംതിട്ട ജില്ലയിൽ ഇടവിട്ട് പരക്കെ മഴയുണ്ട്. അതുകൊണ്ടു തന്നെ പ്രധാനപാതകളിലടക്കം ഗതാഗത സ്തംഭനത്തിലേക്ക് കാര്യങ്ങൾ കടക്കുന്ന സ്ഥിതിയാണുള്ളത്.
പന്തളം-പത്തനംതിട്ട- മാവേലിക്കര പാതയിൽ പലയിടത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന പ്രധാനപാതകളിലൊന്നാണ് ഇത്. ജില്ലയുടെ അകത്തുനിന്നുംപുറത്തുനിന്നും എത്തുന്ന ഭക്തർ പന്തളം വലിയകോയിക്കൽ ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തി ശബരിമലയ്ക്കു പോകുന്ന പതിവുണ്ട്. ഇത്തരത്തിൽ സന്ദർശനം നടത്താൻ ആലോചിക്കുന്നവർക്ക് ഇക്കുറി കൃത്യസമയത്ത് എത്തിച്ചേരുക ബുദ്ധിമുട്ടായിരിക്കും. പന്തളം- പത്തനംതിട്ട റോഡിൽ കടയ്ക്കാട് ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
നൂറനാട്, ചാരുംമൂട്, കായംകുളം എന്നീ മേഖലയിൽനിന്നെത്തുന്ന പല വഴികളും പലയിടത്തും തടസ്സപ്പെട്ട സാഹചര്യമാണുള്ളത്. അച്ചൻകോവിലാറിന്റെ തീരദേശ ഗ്രാമങ്ങളായ ഐരമൺ, പ്രമാടം, തുമ്പമൺ, മുട്ടം, കുടശ്ശനാട് എന്നിവിടങ്ങളിലെയും നിരവധി ഗ്രാമങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്തെ ചെറു റോഡുകളിൽ അടക്കം വെള്ളം കയറിയിട്ടുണ്ട്.
പന്തളത്തുനിന്ന് മാവേലിക്കരയിലേക്ക് പോകുന്ന വഴിയിൽ ഐരാണിമുട്ടം, മുടിയൂർക്കോണം ഭാഗത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അടൂരിൽ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്നു സംഭരണ കേന്ദ്രത്തിൽ വെള്ളംകയറിയതോടെ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് ഉപയോഗശൂന്യമായി.
ശബരിമല പാതയിൽ മണ്ണിടിച്ചിൽ സാധ്യതയും മരം കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്. ഇത് മുൻനിർത്തി, പ്രശ്നങ്ങളുണ്ടായാൽ അത് അതിവേഗം നീക്കുന്നതിന് പി.ഡബ്ല്യൂ.ഡി. ജെ.സി.ബി. അടക്കമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ശബരിമലയിൽ ഭക്തരെ അനുവദിക്കുന്ന ആദ്യദിവസമായ നാളെ, വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളവരുടെ എണ്ണം 8,000 ആണ്. സംസ്ഥാന സർക്കാർ ഇന്നലെ തീരുമാനിച്ചത് പ്രകാരം ഭക്തരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
content highlights:rain in pathanamthitta, road to sabarimala submerged in water