തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
കാസർകോട് ജില്ലയിലും തിരുവനന്തപുരത്തെ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലും സ്കൂളുകൾക്ക് അവധിയാണ്. എന്നാൽ കോളേജുകൾക്ക് ബാധകമല്ല. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്.
കേരള, എംജി, ആരോഗ്യ, സാങ്കേതിക സർവ്വകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
content highlights:seven district collectors declared holiday for education institutions