കൊച്ചി: സമൻസ് കൊടുക്കാനെത്തിയപോലീസുകാരൻ വീട്ടിലെ വളർത്തുനായയെ തല്ലിക്കൊന്നതായി പരാതി. എറണാകുളം ചെങ്ങമനാട് പോലീസിനെതിരേയാണ് ആരോപണം. ചെങ്ങമനാട് സ്വദേശി മേരിയാണ് വളർത്തുപട്ടിയായ പിക്സിയെ തല്ലിക്കൊന്നെന്ന പരാതിയുമായിപോലീസിനെതിരേ രംഗത്തെത്തിയത്.
ശനിയാഴ്ച വൈകുന്നേരം ആറരയോടെ മേരിയുടെ മകനും പോലീസ് കേസിലുൾപ്പെട്ട ആളുമായ ജസ്റ്റിനെ അന്വേഷിച്ചാണ് ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെത്തിയത്. മേരി മാത്രമായിരുന്നു ആ സമയം വീട്ടിലുണ്ടായിരുന്നത്. വീടിന് പിന്നിലൂടെ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വളർത്തുപട്ടിയായ പിക്സി ഓടിയെത്തി. വിറകു കഷ്ണം ഉപയോഗിച്ച് പട്ടിയെ അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇത് ചോദ്യം ചെയ്ത മേരിക്കെതിരേയും പോലീസ് ഭീഷണി ഉയർത്തിയതായി പരാതിയിൽ പറയുന്നു.
എട്ട് വർഷമായി ഇവർ വളർത്തുന്ന പഗ് ഇനത്തിൽ പട്ടിയാണ് പിക്സി. സംഭവത്തെക്കുറിച്ച് എസ്.പി.സി.എയ്ക്കും എസ്.പിക്കുമാണ് പരാതി നൽകിയത്. പട്ടിയെ അടിച്ചുകൊന്ന പോലീസുകാരനെതിരേ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. പട്ടിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്യാനായി വീട്ടിലെ ഒഴിഞ്ഞ ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തും.
അതിനിടെ, ജസ്റ്റിനെ അന്വേഷിച്ചാണ് ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെത്തിയയതെന്നും ജസ്റ്റിനും സഹോദരനും നിരവധി കേസുകളിൽ പ്രതികളാണെന്നും ചെങ്ങമനാട് പോലീസ് പറഞ്ഞു. സമൻസ് ഉണ്ടായിട്ടും കൈപ്പറ്റിയിരുന്നില്ല. സമൻസ് പതിക്കാനായി എത്തിയപ്പോൾ പട്ടി ഉദ്യോഗസ്ഥരുടെ കാലിൽ കടിക്കുകയായിരുന്നു. തുടർന്ന് കാൽ കുടയുക മാത്രമാണ് ചെയ്തത്. ഒരു മണിക്കൂറിന് ശേഷം പട്ടിയുമായി അയാൾ പോലീസ് സ്റ്റേഷനിൽ എത്തികയായിരുന്നുവെന്നും എസ്ഐ പറഞ്ഞു. കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതികളായതിനാൽ സമൻസ് നൽകാനടക്കം പോലീസ് ചെല്ലുന്നത് ഒഴിവാക്കാനാണ് ആരോപണം ഉന്നയിക്കുന്നതെന്നും എസ്ഐ കൂട്ടിച്ചേർത്തു.