തിരുവനന്തപുരം: ലളിതകലാ അക്കാദമി നൽകിയ കാർട്ടൂൺ പുരസ്ക്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യത്തെ അവഹേളിക്കുന്ന രാജ്യദ്രോഹപരമായ ഒരു കാർട്ടൂണിന് സർക്കാർ തലത്തിൽ അംഗീകാരം നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ഇത്തരമൊരു ചിത്രം വരച്ചുവെന്നതിനേക്കാൾ രാജ്യത്തെ അവഹേളിക്കുന്ന ചിത്രത്തിന് സർക്കാർ ആദരവർപ്പിക്കുന്നുവെന്നതാണ് പ്രശ്നം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സുഗമമായ സഹകരണത്തിനും ഇത്തരം സംഗതികൾ വിഘാതമാകും. കാർട്ടൂണിന് നൽകിയ പുരസ്ക്കാരം അടിയന്തരമായി പിൻവലിക്കാൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാർട്ടൂണിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.