കൊച്ചി: കേന്ദ്ര സർക്കാരിന്റെ സഹകാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന അക്ഷയശ്രീയിലൂടെ കേരളത്തിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നടപടികളെ സസൂക്ഷ്മം നിരീക്ഷിച്ച് എൽഡിഎഫ്, കോൺഗ്രസ് പാർട്ടികൾ. ഇതിന് ബദലായി കേരളത്തിൽ പദ്ധതികളൊരുക്കുകയാണ് പാർട്ടികൾ.
1998 മെയ് 17ന് അടൽ ബിഹാരി വാജ്പെയ് സർക്കാർ ഉദ്ഘാടനം ചെയ്ത കുടുംബശ്രീ പദ്ധതി കേരളത്തിൽ സിപിഎമ്മിന് ശക്തമായ അടിത്തറയാണ് ഉണ്ടാക്കിക്കൊടുത്തത്. ഗ്രാമീണ മേഖലകളിൽ ദാരിദ്ര്യ നിർമാർജനം എന്ന ദൗത്യമായി സർക്കാർ ആരംഭിച്ച പദ്ധതി ക്രമേണ സിപിഎമ്മിന്റെ രാഷ്ട്രീയ ശൃംഖലയായി മാറുകയായിരുന്നു.
പല പ്രവർത്തകരും കുടുംബശ്രീയിൽ ചേരുന്നതോടെ സിപിഎമ്മിലേക്ക് പോകുന്നുണ്ടെന്ന് പരസ്യമായിത്തന്നെ കോൺഗ്രസും ബിജെപിയും സമ്മതിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് കൊണ്ടാണ് 2006ൽ കോൺഗ്രസ് ജനശ്രീ സുസ്ഥിര വികസന മിഷൻ ആരംഭിക്കുന്നത്. എന്നാൽ നേതാക്കളുടെ പിടിപ്പുകേട് മൂലം ഇത് കൂടുതൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല.2011ൽ 50,000 ജനശ്രീ യൂണിറ്റുകളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് 20,000 ൽ താഴെ മാത്രമാണ്. ഇതിൽ തന്നെ കൂടുതലും ഇപ്പോൾ പ്രവർത്തനരഹിതമാണ്.
കെ.സുധാകരൻ | Photo:Mathrubhumi
സംസ്ഥാനത്തുടനീളം ജനശ്രീ യൂണിറ്റുകൾ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചും സംസ്ഥാനത്ത് കൂടുതൽ ഇടങ്ങളിലേക്ക് ഇതിന്റെ പ്രവർത്തനങ്ങളെ എത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ തുടക്കകാലത്ത് ജനശ്രീ യൂണിറ്റുകൾ ശക്തമായി പ്രവർത്തിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇത് തുടർന്നു കൊണ്ടു പോകാൻ സാധിച്ചില്ല. അച്ചടക്കമുള്ള നേതാക്കൾ ഉത്തരവാദിത്തത്തോടെയും കാര്യപ്രാപ്തിയോടെയും ജനശ്രീ യൂണിറ്റുകളെ നന്നായി പ്രവർത്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി താഴെത്തട്ടിൽ ശക്തമായ നേതൃത്വത്തെ ചുമതലപ്പെടുത്തും. അവരുടെ ശക്തമായ പ്രവർത്തനത്തിൽ ജനശ്രീ വലിയ സംരംഭമായി മാറുമെന്നതിൽ യാതൊരു സംശയവുമില്ല. ജനശ്രീയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ഏറ്റവും നിർണായക പങ്കു വഹിക്കുന്നത് പ്രാദേശിക നേതൃത്വമാണ്. ഇതിനായി സംസ്ഥാന നേതൃത്വം കൃത്യമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിപ്പിക്കും.കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ജനശ്രീയിൽ കൂടി ശക്തമായ ഒരു രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസ് നേതൃത്വം കാണിച്ച ഉദാസീനതയെ ശക്തമായി വിമർശിച്ച് മുതിർന്ന് കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ രംഗത്തെത്തി.
ജനശ്രീ പദ്ധതിയുടെ രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ചയാളാണ് എംഎം ഹസൻ. എന്നാൽ തനിക്ക് ജനശ്രീയെ മുന്നോട്ട് നയിക്കാൻ ആവശ്യമായ പിന്തുണ കോൺഗ്രസ് നേതാക്കളിൽ നിന്ന് ലഭിച്ചില്ലെന്നും ഇതൊരു രാഷ്ട്രീയ ആയുധമാക്കി കൊണ്ടു പോകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും എംഎം ഹസൻ പറയുന്നു.
കുടുംബശ്രീ പദ്ധതി സിപിഎമ്മിന് രാഷ്ട്രീയപരമായി ശക്തമായ അടിത്തറയാണ് ഉണ്ടാക്കിക്കൊടുത്തത് എന്ന് പ്രതിക്ഷ നേതാവ് വി.ഡി സതീശനും അംഗീകരിക്കുന്നുണ്ട്.
അക്ഷയശ്രീയുടെ വളർച്ചയെക്കുറിച്ചും കോൺഗ്രസിന്റെ രാഷ്ട്രീയ ആയുധമായി ജനശ്രീയുടെ ആവശ്യകതയെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങൾക്ക് അന്തിമരൂപമായി വരുന്നതേയുള്ളു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ആർഎസ്എസ് – ബിജെപിയെ എതിർക്കാൻ എൽഡിഎഫും
ബിജെപി – ആർഎസ്എസ് പദ്ധതി അക്ഷയ ശ്രീയ്ക്കെതിരേ ഇടത് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീയെ തകർക്കാൻ വേണ്ടി, ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും കരുതിക്കൂട്ടിയുള്ള നീക്കമാണ് ഇതെന്ന് തോമസ് ഐസക് പറയുന്നു.
തോമസ് ഐസക് | ഫോട്ടോ: മാതൃഭൂമി
കുടുംബ ശ്രീയെ തകർക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് കോൺഗ്രസ് ജനശ്രീയുമായി വന്നത്. എന്നാൽ അത് പരാജയപ്പെട്ടു. അതേ പാതയിലാണ് ഇപ്പോൾ ആർഎസ്എസും അക്ഷയ ശ്രീയുമായി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതിലുപരിയായി കുടുംബശ്രീയെ തകർക്കുക എന്നത് തന്നെയാണ് ഇവരുടെയും ഉദ്ദേശം. എന്നാൽ ശക്തമായ കാമ്പയിനിൽ ഇവരുടെ അജണ്ടകളെ തുറന്നു കാട്ടും. മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് 3.5 ലക്ഷം യൂണിറ്റുകൾ കുടുംബശ്രീയ്ക്ക് ഉണ്ടെന്നും ഇത് ഇനിയും വിപുലപ്പെടുത്തുമെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം അക്ഷയ ശ്രീയിൽ കൂടി കേരളത്തിൽ വേരുറപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞു.
കേരളത്തിൽ വർഷങ്ങളായി ആർഎസ്എസിന് ശക്തമായ വേരോട്ടമാണുള്ളത്. എന്നാൽ ഇതുമൂലം ഏതെങ്കിലും സീറ്റ് ബിജെപിയ്ക്ക് ലഭിച്ചിട്ടുണ്ടോ? ആർഎസ്എസിന്റെ ആശയങ്ങൾ കേരളത്തിലെ ജനങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ബിജെപിയിൽ എത്തിയിട്ടും ബിജെപിയ്ക്ക് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.
ആർഎസ്എസിന്റെയും ബിജെപിയുടേയും യഥാർത്ഥ മുഖം എല്ലായ്പ്പോഴും ഇടതു പാർട്ടി തുറന്നുകാട്ടിയിട്ടുണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറയുന്നു.
എം.എ.ബേബി | മാതൃഭൂമി
ആർഎസ്എസിന്റെയും ബിജെപിയുടേയും യഥാർത്ഥ മുഖം ഇടതുപാർട്ടികൾ തുറന്നു കാട്ടും. ഇതിലൂടെ അവരുടെ വളർച്ചയെ വളരെ എളുപ്പത്തിൽ തന്നെ എതിർക്കാൻ സാധിക്കും. സംസ്ഥാനത്ത് വർഷങ്ങളായിട്ട് ആർഎസ്എസ് തങ്ങളുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാൻ വേണ്ടി വവിധ മേഖലകളിൽ തീവ്രവായി പ്രവർത്തിച്ചു വരികയാണ്. ആളുകളെ തെറ്റിദ്ധരിപ്പിച്ചും, ഭീഷണിപ്പെടുത്തിയും വിയോജിപ്പുകളെ അടിച്ചമർത്തിയുമാണ് അവർ തങ്ങളുടെ ആശയങ്ങളെ അടിച്ചേൽപ്പിക്കുന്നത്. ഇത്തരത്തിൽ പലരീതികളും ആർഎസ്എസ് പ്രയോഗിക്കുന്നുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് അക്ഷയശ്രീയെന്നും എംഎ ബേബി പറയുന്നു.
ഭൂരിപക്ഷ ആശയങ്ങളുടെ പേരിൽ ആർഎസ്എസ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content highlights: Congress, Left parties to counter BJPs Akshayasree in Kerala