കൊച്ചി: ജനാഭിമുഖ കുർബാന തർക്കത്തിൽ വീണ്ടും പ്രതിഷേധവുമായി എറണാകുളം – അങ്കമാലി അതിരൂപത. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്ക് അതിരൂപതയിലെ വിശ്വാസികൾ പ്രതിഷേധ റാലി നടത്തും. പുതുക്കിയ കുർബാന ഏകീകരണം നടപ്പിൽവരുത്തരുതെന്ന് ആവശ്യപ്പെട്ടാണ് റാലി. വെള്ളിയാഴ്ച ജനാഭിമുഖ കുർബാനയർപ്പിക്കുന്ന രൂപതകളിൽ നിന്നുള്ള വൈദികർ സഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു.
കുർബാനയർപ്പണ ഏകീകരണ വിഷയത്തിൽ വൈദികരുടെ നിവേദനം കൂരിയ ചാൻസിലർക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് നൽകിയിരുന്നു. പാലക്കാട്, താമരശ്ശേരി, തൃശൂർ, ഇരിങ്ങാലക്കുട, എറണാകുളം – അങ്കമാലി അതിരൂപത എന്നിവയിലെ പ്രതിനിധികളായ അഞ്ചു വൈദികർ ചേർന്നാണ് നിവേദനം കൈമാറിയത്.
സിറോ മലബാർ സഭയിലെ കുർബാനയർപ്പണരീതി ഏകീകരിക്കുന്നതിനെതിരേ ജനാഭിമുഖ കുർബാനയർപ്പിക്കുന്ന രൂപതകളിലെ വൈദികർ പ്രാർഥനായജ്ഞ പ്രതിഷേധവുമായി സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ, കുർബാനയർപ്പണ ഏകീകരണത്തെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ വൈദികരെ തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ പോലീസ് നിർദേശിച്ചതിനെ തുടർന്ന് ഗേറ്റിലൂടെയാണ് നിവേദനം കൈമാറിയത്.
നവംബർ 28 മുതലാണ് കുർബാനാ ഏകീകരണം നടപ്പിലാക്കുന്നത്. ജനാഭിമുഖ കുർബാന വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം മാർപാപ്പയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായില്ല. സിനഡിലോ മറ്റെവിടെയെങ്കിലുമോ ചർച്ചചെയ്യാത്ത ഏകീകരണം അടിച്ചേൽപ്പിക്കാൻ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിച്ചെന്നും വൈദികർ ആരോപിച്ചിരുന്നു.
ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ടും നിലവിലുള്ള സിനഡ് തീരുമാനത്തെ എതിർത്തുകൊണ്ടുള്ളവരുമാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയത്. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സിനഡ് തീരുമാനങ്ങളോട് തങ്ങൾക്ക് അനുകൂലിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇരുവിഭാഗത്തിൽപ്പെട്ടവരും സഭാ ആസ്ഥാനത്ത് നിലയുറപ്പിച്ചതോടെ ചെറിയ തോതിൽ വാക്ക് തർക്കമുണ്ടായി.