കോഴിക്കോട്> അധികാരം നഷ്ടപ്പെട്ട മുസ്ലിം ലീഗ് നേതൃത്വം അണികളെ പിടിച്ചുനിര്‍ത്താനും പാര്‍ട്ടിയില്‍ മൂര്‍ഛിക്കുന്ന അന്തക്ഷിദ്രത മറച്ചുപിടിക്കാനും വര്‍ഗീയധ്രുവീകരണത്തിന് ആസൂത്രിത നീക്കങ്ങള്‍ നടത്തുകയാണെന്ന് ഐഎന്‍എല്‍ സംസഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ മുസ്ലിങ്ങളോട് വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്നും മുസ്ലിങ്ങളെ തകര്‍ക്കാന്‍ എകെജി സെന്ററില്‍ പ്രത്യേക സെല്‍ പ്രവര്ത്തിക്കുന്നുണ്ടെന്നുമൊക്കെയുള്ള ലീഗ് ജന.സെക്രട്ടറിയുടെ ജല്പനങ്ങള് ഇതിന്റെ ഭാഗമാണെന്നും കാസിം പറഞ്ഞു.
പാര്‍ട്ടി പ്രതിസന്ധികളില്‍പ്പെട്ട് ഉഴലുമ്പോഴെല്ലാം മതത്തെ കൂട്ടുപിടിച്ച് വര്‍ഗീയത പ്രചരിപ്പിക്കുന്നത് ലീഗിന്റെ പതിവ് ശൈലിയാണ്. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത ന്യൂനപക്ഷവിരുദ്ധ നീക്കങ്ങള്‍ മതേതരത്വത്തെ കുറിച്ചുള്ള അവസാന പ്രതീക്ഷയും തകര്‍ക്കുമ്പോള്‍ ലീഗ് അതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ബിജെപിയുമായുള്ള ‘അന്തര്‍ധാര’യാണ് കാരണം. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത്തിന്റെ പേരില്‍ അലമുറയിടുന്നത് തങ്ങള്‍ കുത്തകയാക്കിവെച്ച ഒരു മേഖല എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന വേവലാതി മൂലമാണ്.
മുസ്ലിം സമൂഹത്തെ മതേതര മുഖ്യധാരയിലേക്ക് പിടിച്ചുയര്‍ത്താനും പുരോഗന ആശയങ്ങള്‍ വഴി ശക്തിപ്പെടുത്താനുമുള്ള ഏത് നീക്കത്തെയും ലീഗ് എക്കാലത്തും എതിര്‍ത്തത് സാമുദായികതയില്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ അടിത്തറ തകരുമെന്ന ഭീതി മൂലമാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.