തിരുവനന്തപുരം: 2019-20 സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട്. ബജറ്റ് നിർദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല, ബജറ്റിനെ നോക്കുകുത്തിയാക്കി ബജറ്റിന് പുറത്ത് നിരവധി ചെലവുകൾ നടക്കുന്നുവെന്നും സി.എ.ജി. നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ബജറ്റിൽ ചിലവുകൾ ശരിയായി രേഖപ്പെടുത്താത്തതിനൊപ്പം അനുവദിച്ച വിഹിതം ചെലവഴിക്കുന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭയുടെ അനുമതി വേണമെന്നുള്ള നിബന്ധന ഉണ്ടായിട്ടുകൂടി അനുവദിക്കപ്പെട്ട തുകയെക്കാൾ 2019-20 വർഷം അധികച്ചെലവുണ്ടായി. പൊതുമരാമത്ത്, വിദ്യാഭ്യാസം, കായികം വിനോദം, കലയും സംസ്കാരവും എന്നീ വകുപ്പുകളിൽ ബജറ്റ് വിഹിതമില്ലാതെ ഉയർന്ന ഗ്രാന്റുകൾ അനുവദിച്ചു. ബജറ്റ് വഴിയുള്ള ധനസഹായം പാഴാക്കാതിരിക്കാനായി 382.37 കോടി രൂപ നിക്ഷേപക ഹെഡ്ഡിൽ നിക്ഷേപിച്ചതായും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു.
മാത്രമല്ല, മൂലധന ചെലവിനെ റവന്യൂ ചെലവായും റവന്യൂ ചെലവിനെ മൂലധന ചെലവായും മാറ്റിയും മറിച്ചുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതൽമുടക്കിന് അനുവദിക്കുന്ന പണംപോലും മൂലധനച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും സി.എ.ജി. റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ബജറ്റിൽ അനുവദിച്ച വിഹിതംപോലും ചെലവഴിക്കാത്തതിന് പുറമെ, ഉപധനാഭ്യർഥനയിലൂടെ അനുവദിച്ച അധികതുക ചെലവഴിക്കാത്ത വിഭാഗങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പലവിഭാഗങ്ങളിലും മിച്ചം തുകയുണ്ടായിട്ടുപോലും ബജറ്റ് മാന്വലിന് വിരുദ്ധമായി ഉപവകയിരുത്തൽ നടത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല ബജറ്റിന് യാഥാർഥ്യബോധമില്ലെന്ന രൂക്ഷമായ കുറ്റപ്പെടുത്തലും സി.എ.ജിയുടെ ഭാഗത്തുനിന്നുണ്ടായി. മുൻപ് നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പലതവണ ഉന്നയിച്ച വിഷയാണ് ഇപ്പോൾ സി.എ.ജിയും ശരിവെച്ചിരിക്കുന്നത്.
ബജറ്റുമായി താരതമ്യം ചെയ്ത് ചെലവുപുരോഗതി നിരീക്ഷിച്ചിരുന്നെങ്കിൽ ഇതിൽ പല അധിക ചെലവുകളും ഒഴിവാക്കാവുന്നതേയുണ്ടായിരുന്നുള്ളു. അതിന് സർക്കാർ തയ്യാറായില്ല. അധികച്ചെലവുകൾ കുറയ്ക്കുന്നതിലടക്കം നിരീക്ഷണ സംവിധാനം നടപ്പാക്കണമെന്ന നിർദ്ദേശമാണ് സി.എ.ജി. മുന്നോട്ടുവെക്കുന്നത്. നിയമസഭ അംഗീകരിച്ച ഗ്രാന്റുകളെക്കാൾ അധികം ചെലവുകൾ വരുന്നതിനെ ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
content highlights:cag report criticises state budget