സി.പി.എം സമ്മേളനങ്ങൾ സജീവമാവുകയാണ് സംസ്ഥാനത്ത്. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയാ സമ്മേളനങ്ങൾക്ക് തുടക്കംകുറിച്ചുകഴിഞ്ഞു, പലയിടങ്ങളിലും. മുൻകാലങ്ങളിൽ നിന്ന്വ്യത്യസ്തമായി കാര്യമായ വിഭാഗീയ പ്രശ്നങ്ങളില്ലാതെ സമ്മേളനങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നുണ്ട് എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.
രണ്ടാം തവണയും ഇടതുസർക്കാർ അധികാരത്തിൽ വന്നതിന്റെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആരംഭിച്ച സമ്മേളനങ്ങളിലെല്ലാം പ്രധാന ചർച്ച യു.ഡി.എഫിനെ ഇനി കേരളം കാണിക്കാതിരിക്കുന്നതിനുള്ള രാഷ്ട്രീയ പദ്ധതികളാണ്. ബി.ജെ.പി സജീവമാകുന്നുണ്ടെങ്കിലും അടുത്തകാലത്തൊന്നും അവർ തങ്ങൾക്ക് ഭീഷണിയാവില്ലെന്ന കണക്കുകൂട്ടൽ തന്നെയാണ് പാർട്ടിക്കുമുള്ളത്. അതുകൊണ്ടുതന്നെ സി.പി.എം നിലവിൽ ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്നത് ലീഗിലെ അസംതൃപ്തരായ ഇടതുമനസ്സുകൾക്കാണ്, പ്രത്യേകിച്ച് മലബാറിൽ.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഇടതിനല്ലാത സാധിക്കില്ലെന്ന പ്രചാരണം കൂടുതൽ ശക്തമാക്കണമെന്നാണ് താഴേത്തട്ടിൽ പാർട്ടി നൽകിയിരിക്കുന്ന നിർദേശം. സി.പി.എമ്മിന്റെ മനസ്സിലിരിപ്പ് നടക്കാൻ പോവുന്നില്ലെന്നും പ്രവർത്തകരെ അടർത്തിയെടുക്കാൻ അവർ കാലങ്ങളായി ശ്രമിക്കുന്നതാണെന്നും ലീഗ് മറുപടി നൽകുന്നുണ്ടെങ്കിലും ജാഗ്രത വേണമെന്ന വിലയിരുത്തൽ തന്നെയാണ് ലീഗ് നേതൃത്വത്തിനുള്ളത്. മുസ്ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സംസാരിക്കുന്നു.
ലീഗിലെ അസംതൃപ്തർ
ലീഗിലെ അസംതൃപ്തർ എന്ന് നാഴികയ്ക്ക് നാൽപത് വട്ടം സി.പി.എം പറയുന്നുണ്ടെങ്കിലും ഒരാളെ പോലും അവർക്ക് ഇന്ന് വരെ അവരുടെയൊപ്പം ചേർക്കാനായിട്ടില്ല. മാത്രമല്ല, അങ്ങനെയൊരു അസംതൃപ്ത വിഭാഗം പാർട്ടിയിൽ ഇല്ല. സി.പി.എം സമ്മേളനങ്ങളിലാണ് അടിനടക്കുന്നത്. ബ്രാഞ്ച്, ലോക്കൽ, സമ്മേളനങ്ങളും ഏരിയാ സമ്മേളനങ്ങളും പൂർത്തിയാകുമ്പോൾ അതാണ് വ്യക്തമാവുന്നത്. ഇത് ഇനിയും തുടരുകയും ചെയ്യും. ലീഗുകാരെ പാർട്ടിയിൽ നിന്ന് അടർത്തിയെടുക്കാമെന്നത് സി.പി.എം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. സി.പി.എമ്മിൽ നിന്നാണ് ലീഗിലേക്കാണ് ആളുകൾ വരുന്നത്. ന്യൂനപക്ഷങ്ങൾക്ക് രക്ഷ ഇടതിൽ നിന്നാണെന്ന് പറയുന്ന സി.പി.എം ന്യൂന പക്ഷ വോട്ടിന്റെ ബലത്തിൽ അധികാരത്തിൽ കയറിയിട്ട് അവരെ ചതിക്കുകയാണ്. എൻ.ആർ.സി, സി.ആർ.സി കേസുകൾ അധികാരത്തിൽ എത്തിയാൽ എഴുതിത്തള്ളുമെന്ന് പറഞ്ഞ് ഭരണത്തിലേറിയ മുഖ്യമന്ത്രി ഇപ്പോൾ എന്താണ് ചെയ്യുന്നത്. കേസിൽ പെട്ടവരെ രക്ഷപ്പെടുത്താൻ യൂത്ത് ലീഗ് അടക്കം പിരിവെടുക്കുകയാണ്.
ന്യൂനപക്ഷങ്ങളുടെരക്ഷകർ സി.പി.എം മാത്രമാണെന്നാണല്ലോ പ്രചാരണം
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെ കുറച്ച് വോട്ടുകൾ അവർക്ക് കിട്ടിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. എന്നാൽ വോട്ട് കൊടുത്തല്ലോ എന്ന അവസ്ഥയിലാണ് വോട്ട് ചെയ്തവരെല്ലാമുള്ളത്. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ ന്യൂനപക്ഷത്തിന്റെ ഒരു വോട്ട് പോലും ഇടതുപക്ഷത്തിന് കിട്ടില്ല. മുസ്ലീം വൈരാഗ്യമാണ് ഇടതിനുള്ളത്. അതിന്റെ ഭാഗമായാണ് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ മുസ്ലീം വിഭാഗത്തിൽ നിന്ന് എടുത്തുമാറ്റിയത്. വഖഫ് ബോർഡ് നിയമനമടക്കം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. ന്യൂനപക്ഷങ്ങൾക്ക് മുൻ കാലങ്ങളിൽ അനുവദിച്ചിരുന്ന അവകാശങ്ങളെല്ലാം ദിവസേന എടുത്തുകളയുകയാണ്. ഇത് സംഘപരിവാറും സി.പി.എമ്മും തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംഘപരിവാറിന്റെ സഹായം കൊണ്ട് അവർക്ക് കുറെ സീറ്റുകൾ കിട്ടിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരേ കടന്നുകയറുന്നത്. ഇത് ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹരിത വിഷയമടക്കം ഉന്നയിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലീഗിൽ രക്ഷയില്ല എന്ന തരത്തിലുള്ള പ്രചാരണമാണ് സി.പി.എം നടത്തുന്നത്
ആരാണ് പെൺകുട്ടികൾക്ക് രക്ഷ നൽകിയതെന്ന് ഇടതുപക്ഷത്തിന്റെ മുൻ നിലപാടിൽ നിന്നും വ്യക്തമാവും. ഒരിക്കൽ പെൺകുട്ടിക്ക് രക്ഷ നൽകിയ എ.കെ. ശശീന്ദ്രൻ ഇന്ന് ഇടത് മന്ത്രിയും മറ്റൊരിക്കൽ പെൺകുട്ടിക്ക് രക്ഷ നൽകിയ പി.കെ. ശശി ഇന്ന് അവരുടെ മറ്റൊരു പ്രമുഖ നേതാവുമാണ്. സി.പി.എമ്മിൽ നിന്ന് രക്ഷ കിട്ടിയ അനുപമ ഇപ്പോഴും സമരം തുടരുന്നുണ്ട്. ഇങ്ങനെ ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകൾക്ക് സി.പി.എമ്മിൽ നിന്ന് വലിയ രീതിയിൽ രക്ഷ കിട്ടുന്നുണ്ട്. ഹരിതയുടെ പേരിൽ എത്രകാലം അവർക്ക് സത്യം മറച്ച് വെക്കാൻ കഴിയും. ഇക്കാര്യം പറഞ്ഞൊന്നും അവർക്ക് സ്ത്രീകളെയും പെൺകുട്ടികളേയും ഇടതിനോട് അടുപ്പിക്കാൻ കഴിയില്ല. പുതിയ ഹരിത കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട്. അവർ ആദ്യം സംഘടിപ്പിച്ച പരിപാടിയിലെത്തിയ പെൺകുട്ടികളെ സി.പി.എമ്മിലെ ആരെങ്കിലും വന്ന് കണ്ടിരുന്നുവെങ്കിൽ സി.പി.എമ്മിന് ഒന്നും പറയാനുണ്ടാവുമായിരുന്നില്ല. അത്ര വലിയ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.
സി.പി.എമ്മിന് പുറമെ കോൺഗ്രസും കാഡർ സ്വഭാവത്തിലേക്ക് പോവുകയാണ് ലീഗും ഇതേ മാതൃക പിന്തുടരുമോ
കോൺഗ്രസിന്റെ മാറ്റം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അവർ കൂടുതൽ കാര്യക്ഷമമാവുന്നത് മുന്നണിക്ക് ഗുണകരമാവും. ഇതേ രീതിയിലേക്ക് ലീഗും മാറി കഴിഞ്ഞിട്ടുണ്ട്. താഴേത്തട്ടുമുതലുള്ള പ്രവർത്തനങ്ങളെല്ലാം ശക്തമാക്കിയിട്ടുണ്ട്. നിയമസഭാ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഗൗരവം ഉൾക്കൊണ്ട് തിരിച്ചുവരാനുള്ള ശക്തമായ നയപരിപാടികൾ എപ്പോഴെ തുടങ്ങിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് വ്യാമോഹം കൊണ്ടൊന്നും ലീഗിൽ നിന്ന് ആളെ എത്തിക്കാൻ സി.പി.എമ്മിന് കഴിയില്ല.