തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തിരുവനന്തപുരം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
ന്യൂനമർദം നവംബർ 15 ഓടെ മധ്യകിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിച്ചേർന്നു തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴശക്തമായതിനെ തുടർന്ന് തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലയിൽ റോഡ് , ട്രയിൻ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്.