കാപ്പിത്തോട്ടത്തില്‍ കൂടുതല്‍ മരങ്ങള്‍ നടാനാവുമോയെന്ന ആലോചനയിലാണ് വയനാട് ചൂതുപാറ വലിയകൊല്ലി ആദിവാസി കോളനിയിലെ വി.ഡി സുമതി. സ്വന്തമായുള്ള 1.45 ഏക്കര്‍ കാപ്പിത്തോട്ടമാണ് കുടുംബത്തിന്റെ പ്രധാനവരുമാന മാര്‍ഗമെങ്കിലും കുറച്ചുമരങ്ങള്‍ കൂടിയാവാമെന്നാണ് സുമതി കരുതുന്നത്. മുന്‍കാലത്ത് നട്ട 135ല്‍ 100 മരങ്ങള്‍ക്ക് 5000 രൂപ പഞ്ചായത്ത് നല്‍കിയിരുന്നു. മറ്റു മരങ്ങള്‍ക്ക് പിന്നീടും പണം ലഭിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ ഗുണഭോക്താവാണ് സുമതി. ”പരിസ്ഥിതി സംരക്ഷിക്കുകയും കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യുന്ന പദ്ധതി ഗുണകരമാണെന്നതില്‍ സംശയമൊന്നുമില്ല.”–സുമതി
സമയം പ്ലസിനോട് പറഞ്ഞു.
മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ കാര്‍ബണ്‍ ന്യൂട്രല്‍ അഥവാ കാര്‍ബണ്‍ തൂലിതമാക്കാന്‍ 2016ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായുള്ള ട്രീ ബാങ്ക് പദ്ധതിയാണ് അടിത്തട്ടിലെ കര്‍ഷകര്‍ക്കും ഗുണം ചെയ്യുന്നത്. കേരളം ഇന്ത്യക്ക് സമ്മാനിച്ച പുരോഗമന മാതൃകകളില്‍ ഏറ്റവും പുതിയതാണ് ഇതെന്നാണ് വിദഗ്ധരുടെ അനുമാനം. മീനങ്ങാടി പദ്ധതിയുടെ വിജയം ശ്രദ്ധയില്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍ സമാനപദ്ധതികള്‍ രാജ്യത്ത് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.പി.പി ബാലനാണ് രൂപരേഖ തയ്യാറാക്കുന്നതിന്റെ ചുമതല.
കാര്‍ഷിക പ്രതിസന്ധി വഴികാട്ടിയായി
മീനങ്ങാടിയെ പരിസ്ഥിതി സൗഹാര്ദ്ധമാക്കണമെന്ന ലക്ഷ്യത്തോടെ 2005 മുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് അക്കാലത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബീന വിജയന് സമയം പ്ലസിനോട് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക പ്രതിസന്ധിയും മൂലം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലായിരുന്ന കാലത്താണ് ഭാവിക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ചത്. കൃഷിയില്‍ നിന്ന് ക്ഷീരമേഖലയിലേക്ക് മാറിയ കര്‍ഷകരും പ്രതിസന്ധി നേരിടുന്നതായി കണ്ടെത്തി.
”കെട്ടിടങ്ങളും പാലങ്ങളും റോഡുകളും പണിയുന്നതിന് ഒപ്പം ഭാവി തലമുറക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത് അപ്പോഴാണ്. വിവിധ മേഖലകളിലെ വിദഗ്ദരെയും കൂട്ടിചേര്‍ത്തു. എം.എസ് സ്വാമിനാഥന് സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് പദ്ധതികളില്‍ പങ്കാളികളായി.”–ബീന വിജയന് ആദ്യകാല പദ്ധതികളെ കുറിച്ച് ഓര്‍ക്കുന്നു.
പുഴയോരങ്ങളിലെ മുളനടല്‍, പാതയോരങ്ങളിലെ പൂമരം നടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആദ്യകാലത്ത് നടത്തിയിരുന്നത്. ‘ഹരിതകവചം ഭൂമിക്കൊരു തണല്‍’ പദ്ധതിയിലൂടെ പഞ്ചായത്തിലെ എല്ലാ കര്‍ഷകര്‍ക്കും പത്ത് ഫലവൃക്ഷത്തൈകള്‍ നല്കി. മാവ്, പ്ലാവ് പോലുള്ള ഫലവൃക്ഷത്തെകളാണ് നല്‍കിയത്.
”വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ലഭിച്ച 180 ഏക്കര്‍ ഭൂമിയിലും പദ്ധതി നടപ്പായി. കൂടാതെ അഗ്രോ വെജ്, അഗ്രോ റൂട്ട് പദ്ധതിയുടെ ഭാഗമായി ചേന, കാച്ചില് തുടങ്ങിയ കിഴങ്ങുകളും പച്ചക്കറികളും നാണ്യവിളകളും പ്രോല്‍സാഹിപ്പിച്ചു. ആദിവാസി ഭൂമിയിലും മറ്റു ഭൂമിയിലുമായി 2010-15 കാലത്ത് ഏഴരലക്ഷത്തോളം ഫലവൃക്ഷത്തൈകളാണ് നട്ടത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.അസൈനാറാണ് അതിന് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ പ്രദേശവാസികള്‍ അവയില്‍ നിന്ന് ആദായം എടുത്തുതുടങ്ങിയിരിക്കുന്നു.”– നിലവില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് അംഗമായ ബീന വിജയന് പറയുന്നു. ആദിവാസി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ചെയ്യുന്നവരുടെ ചൂഷണം ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെ ആദിവാസികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചൂതുപാറയിലെ മാനികാവ് ശിവക്ഷേത്രത്തിലെ 38 ഏക്കര്‍ ഭൂമിയില്‍ തരിശായി കിടന്നിരുന്ന 34 ഏക്കര്‍ ഭൂമിയില്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ സഹായത്തോടെ നക്ഷത്ര വനമുണ്ടാക്കി. മറ്റു നിരവധി വൃക്ഷങ്ങളും അവിടെ നട്ടു. പുണ്യവനം പദ്ധതി എന്നാണ് ഇത് അറിയപ്പെടുന്നത്. 2010 മുതല്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബീന വിജയന് 2015ലെ തിരഞ്ഞെടുപ്പോടെ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി മാറി. സംസ്ഥാന ധനമന്ത്രിയായിരുന്ന ഡോ. ടി.എം.തോമസ് ഐസക്ക് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഒരു യോഗത്തില്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനും അവസരം ലഭിച്ചു.
മറ്റൊരു തോമസ് ഐസക് മോഡല്‍
കേരളത്തില്‍ നിരവധി വികസന മോഡലുകള്‍ അവതരിപ്പിച്ച ഡോ. തോമസ് ഐസക്കിന്റെ പ്രോല്‍സാഹനവും പിന്തുണയുമാണ് മീനങ്ങാടിയുടെ മുന്നോട്ട് പോക്കിനെ സഹായിച്ചത്. കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലയിലെ പഞ്ചായത്ത് പ്രതിനിധികള്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കുമായി 2015ല്‍ പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. ഇതാണ് ‘കാര്‍ബണ്‍ തുലിത ജില്ല’ പദ്ധതിയുടെ അടിത്തറയായത്.
പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് നടപ്പാക്കാന്‍ തയ്യാറായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് മുന്നിട്ടിറങ്ങിയതോടെ തണല്‍ എന്ന പരിസ്ഥിതി സംഘടനയെ സാങ്കേതിക പിന്തുണ നല്കാന് ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് 2016 ജൂണ്‍ അഞ്ചിന് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നീട് പഞ്ചായത്തിലെ വികസന പദ്ധതികള്‍ ‘ മണ്ണറിഞ്ഞ് മനം നിറഞ്ഞ് പ്രകൃതിയോടൊപ്പം” എന്ന ആശയത്തിലാണ് നടപ്പായത്. പഞ്ചായത്ത് പരിധിയിലുള്ള 120 കാവുകളും കേണികളും സംരക്ഷിക്കാന്‍ കഴിഞ്ഞതായി ബീന വിജയന് പറയുന്നു. മാനികാവ് ക്ഷേത്രവും പദ്ധതിയില്‍ ഉള്‍പ്പെട്ടു. പഞ്ചായത്തിലെ സ്കൂളുകള്‍ ഗ്രീനായി.
കാര്‍ബണ്‍ ന്യൂട്രലിലേക്ക്
മീനങ്ങാടിയില്‍ നിന്ന് അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനവും സ്വാംശീകരണവും തുല്യമാക്കാന്‍ എങ്ങനെ സാധിക്കുമെന്നറിയാന്‍ നിരവധി പഠനങ്ങളാണ് നടത്തിയതെന്ന് ബീന വിജയന് പറയുന്നു. പഞ്ചായത്തിലെ ഗതാഗതം, ഊര്‍ജം, മാലിന്യനിര്‍മാര്‍ജനം, ഭൂവിനിയോഗം എന്നിവ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കി. ദേശീയ പാതയും സംസ്ഥാനപാതയും കടന്നുപോവുന്നതിനാല്‍ വാഹനങ്ങളുടെ എണ്ണം കണ്ടെത്തേണ്ടിയിരുന്നു. കൂടാതെ ഓരോ വീടുകളിലെയും വൈദ്യുതി ഉപഭോഗം പരിശോധിച്ചു. കാലഹരണപ്പെട്ട വൈദ്യുതി ബള്‍ബുകളും മറ്റും മാറ്റി. മാലിന്യസംസ്കരണവും പരിശോധിച്ചു. കൂടാതെ ഓരോ വാര്‍ഡുകളിലെയും മണ്ണിലെ കാര്‍ബണ്‍ അളവ് പരിശോധിച്ചു. പഞ്ചായത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം 33375 ടണ്‍ വരുമെന്നാണ് കണ്ടെത്താനായത്.
രണ്ടരലക്ഷം മരങ്ങള്‍
പഞ്ചായത്ത് പുറത്തുവിടുന്ന കാര്‍ബണ്‍ സ്വാംശീകരിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ടെന്നാണ് പിന്നീട് പരിശോധിച്ചത്. അതിനായി വീട്ടുവളപ്പുകളിലും കൃഷിയിടങ്ങളിലെയും മരങ്ങളെ തരംതിരിച്ച് പരിശോധിച്ചു. ഏകദേശം 11412 ടണ്‍ കാര്‍ബണ്‍ നിര്‍വീര്യമാക്കിയാലേ കാര്‍ബണ്‍ ന്യൂട്രലാവാന്‍ സാധിക്കൂയെന്നാണ് കണ്ടെത്താനായത്. ഏകദേശം രണ്ടരലക്ഷം മരങ്ങള്‍ നട്ടാലേ കാര്‍ബണ്‍ നിര്‍വീര്യമാക്കാന്‍ കഴിയൂ എന്നും കണ്ടെത്തി. ജൈവമാലിന്യം സംസ്കരിക്കാനായി തുമ്പൂര്‍ മുഴി-നടെയ്പ്പ് മോഡല്‍ ഉറവിട മാലിന്യ സംസ്കരണ യൂണിറ്റുകള്‍ 2200ഓളം കുടുംബങ്ങള്‍ക്ക് നല്കി. വലിയൊരു തുകയാണ് ഇതിനായി പഞ്ചായത്ത് ചെലവഴിച്ചത്. പ്ലാസ്റ്റിക് മാലിന്യം ഷ്രെഡ് ചെയ്ത് ടാറില്‍ ചേര്‍ത്ത് റോഡ് നിര്‍മിക്കുകയും ബാക്കി പ്ലാസ്റ്റിക് പൊടി മറ്റു പഞ്ചായത്തുകള്‍ക്ക് നല്‍കുകയും ചെയ്തു.
”കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കാന്‍ ഗ്രാമസഭകള്‍ അടക്കം ചെറുതും വലുതുമായ 480 യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കേണ്ടി വന്നു. ജനങ്ങളുടെ പിന്തുണയില്ലാതെ പദ്ധതി വിജയിക്കില്ലല്ലോ. മരം നടണമെന്ന് പറയുമ്പോള്‍ അവര്‍ക്ക് നിരവധി ആശങ്കകളുണ്ടായിരുന്നു. നട്ട മരം വെട്ടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലേ, പറമ്പ് കാടുപിടിച്ചുപോവുമോ തുടങ്ങിയവയായിരുന്നു ആശങ്കകള്‍. അവസാനം, മരങ്ങള്‍ വെക്കാം, വരുമാനം വേണമെന്ന നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചത്. അങ്ങനെയാണ് ട്രീ ബാങ്ക് പദ്ധതി നിലവില്‍ വരുന്നത്. ”ബീന വിജയന് ഓര്‍ക്കുന്നു. പിന്നീട് കാര്‍ബണ്‍ ന്യൂട്രല്‍ കോഫിയിലേക്കും ആശയം വികസിക്കുകയായിരുന്നു,
ട്രീ ബാങ്കിങ്
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി 2018ലാണ് പഞ്ചായത്ത് ട്രീ ബാങ്കിങ്ങ് പദ്ധതി ആരംഭിച്ചത്. മരം നടാന്‍ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ നല്‍കുന്നതാണ് പദ്ധതി. നടാനുള്ള തൈകള്‍ പഞ്ചായത്ത് നല്‍കും. മഹാഗണി, വെള്ളമരുത്, വേപ്പ്, ഐനി, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളാണ് പ്രധാനമായും നട്ടതെന്ന് ബീന വിജയന് പറയുന്നു.
മരം ഒന്നിന് 50 രൂപ വര്‍ഷംതോറും വായ്പ നല്‍കും. മൂന്നുവര്‍ഷം പൂര്‍ത്തിയായ മരങ്ങള്‍ക്ക് ജിയോടാഗ് നല്‍കും. മരം വെട്ടുന്നുണ്ടെങ്കില്‍ അക്കാലത്ത് ‘മുതല്‍’ തിരിച്ചടച്ചാല്‍ മതിയാവും. പലിശ പഞ്ചായത്തായിരിക്കും വഹിക്കുക. പത്ത് വര്‍ഷത്തേക്കാണ് മരത്തിന് പണം നല്‍കുക. ഇതുവരെ 1.27 ലക്ഷം വൃക്ഷത്തൈകളാണ് നട്ടിരിക്കുന്നത്. വലിയകൊല്ലി കോളനിയിലെ സുമതിയെ പോലെ നിരവധി പേര്‍ക്ക് പണവും ലഭിച്ചു.
പ്രത്യേക സോ്ഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് മരങ്ങളില്‍ ജിയോടാഗ് ചെയ്യുന്നത്. മൂന്നുവര്‍ഷം പ്രായമായ മരങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച് അവക്ക് വ്യക്തിഗത നമ്പര്‍ നല്‍കും. ഇതിന്റെ സ്ഥാനവും ഫോട്ടോയും അവിടെ നിന്നു തന്നെ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തും. പഞ്ചായത്തിന്റെ ഇലക്ട്രോണിക്ക് മാപ്പ് പരിശോധിച്ചാല്‍ മരത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെന്ന് തണല്‍ പ്രോഗ്രാം ഓഫീസറായ അജിത്ത് പറയുന്നു.
മരം നടുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതി ലോകത്ത് ആദ്യമാണെന്നാണ് തണല്‍ സംഘടന പറയുന്നത്. സംസ്ഥാനസര്‍ക്കാര്‍ 2018ല്‍ അനുവദിച്ച പത്ത് കോടി രൂപയും പലിശയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ട്രീ ബാങ്ക് പദ്ധതി ഗുണകരമാണെന്നു ബോധ്യപ്പെട്ട ജനങ്ങള്‍ പറമ്പില്‍ മുമ്പ് ഉണ്ടായിരുന്ന മരങ്ങളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചതായി ബീന വിജയന് പറയുന്നു. ഈ നീക്കത്തിന് ഡി.പി.സി അനുമതി നല്‍കിയിട്ടുണ്ടെന്ന് നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ കെ.ഇ വിനയന് സമയം പ്ലസിനോട് പറഞ്ഞു. എല്‍.ഡി.എഫ് ഭരണസമിതി ആരംഭിച്ച പദ്ധതി നിലവിലെ യു.ഡി.എഫ് ഭരണസമിതി മുന്നോട്ടുകൊണ്ടുപോവുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കൊറോണാ മഹാമാരി പദ്ധതി നടത്തിപ്പിനെ അല്‍പ്പം ബാധിച്ചിട്ടുണ്ട്.
ആറു മാസത്തില്‍ പുരോഗതി അറിയാം
കാര്‍ബണ്‍ ബഹിര്‍ഗമനവും സ്വാംശീകരണവും ശാസ്ത്രീയമായി പരിശോധിക്കാനുള്ള സര്‍വ്വെ ഡിസംബര്‍ ആദ്യവാരത്തില്‍ തുടങ്ങാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നതെന്ന് കെ.ഇ വിനയന് പറഞ്ഞു. തുടങ്ങി ആറു മാസത്തിനകം സര്‍വ്വെ പൂര്‍ത്തിയാവും. പഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രലായോ എന്ന കാര്യം സര്‍വ്വെഫലം വ്യക്തമാക്കും.” നടാന്‍ ബാക്കിയുള്ള മരങ്ങള്‍ ഉടന്‍ നട്ടുതീരും. ഒരു കുട്ടി ജനിക്കുമ്പോള്‍ മരം സമ്മാനമായി നല്‍കാനുള്ള തീരുമാനത്തിന് ഡി.പി.സി അംഗീകാരം നല്‍കിയിട്ടുണ്ട്. മരത്തിന് മൂന്നുവര്‍ഷം പ്രായമായാല്‍ അതിനെയും ജിയോടാഗ് ചെയ്യും. മരത്തില്‍ നിന്നുള്ള വരുമാനം കുട്ടിക്കായിരിക്കും ലഭിക്കുക. ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയ പ്രകൃതി സൗഹാര്‍ദ്ധ പദ്ധതികള്‍ക്കായി പഞ്ചായത്തിന് കൂടുതല്‍ സഹായം വേണം.”– പ്രസിഡന്റ് പറയുന്നു.
പരിസ്ഥിതി സംരക്ഷണം കര്‍ഷക വിരുദ്ധമല്ല
പരിസ്ഥിതി സംരക്ഷണം കര്‍ഷക വിരുദ്ധമാണെന്ന കാഴ്ച്ചപാടാണ് പദ്ധതി മാറ്റിയതെന്ന് എം.എസ് സ്വാമിനാഥന് റിസര്‍ച്ച് സെന്ററിലെ
സീനിയര്‍ ഡവലപ്പ്മെന്റ് കോര്‍ഡിനേറ്ററായ ഗിരിജന്‍ ഗോപി സമയം പ്ലസിനോട് പറഞ്ഞു. കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്താതെയും അവരെ വിശ്വാസത്തിലെടുക്കാതെയുമുള്ള ഒരു പദ്ധതികളും വിജയിക്കില്ല. ലളിതമായ ഒരു ഉദാഹരണം നോക്കാം: അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിര്‍വീര്യമാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് മരങ്ങള്‍ നടല്‍. വയലിലും വനത്തിലും (നിയമപരമായ പരിമിതി) മരം നടാനാവില്ലെന്നും നമുക്കറിയാം.
പക്ഷെ, കര്‍ഷകരുടെ കാപ്പിതോട്ടങ്ങളിലും വീട്ടുവളപ്പിലും മരം നടാം. കാപ്പിത്തോട്ടങ്ങളില്‍ നടുന്ന മരങ്ങള്‍ കാപ്പിക്കാവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുമെന്നത് വസ്തുതയാണ്. എന്നാല്‍, ജൈവമാലിന്യം സംസ്കരിച്ച് നിര്‍മിക്കുന്ന ബയോചാറും മറ്റും തോട്ടങ്ങളില്‍ ഇട്ട് ഈ പ്രശ്നം വളരെയെളുപ്പം പരിഹരിക്കാം. അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് കുറയുന്നത് സ്വാഭാവികമായും കാപ്പിക്കൃഷിക്കും ഗുണം ചെയ്യും.
കാലാവസ്ഥാ വ്യതിയാനം മൂലം വയനാട്ടിലെ കുരുമുളക് ഉല്‍പ്പാദനം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം പലതരത്തിലായിരിക്കും വിളകളെ ബാധിക്കുക. ഭാവിയില്‍ കാപ്പിയെയും ഇത് പ്രതികൂലമായി ബാധിക്കാം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഇതിലൂടെ മനസിലാക്കാം. പ്രായമേറിയ മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകരെ അനുവദിക്കുന്നതിലും തെറ്റില്ല. ആരോഗ്യമുള്ള യുവമരങ്ങള്ക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ നിര്‍വീര്യമാക്കാനുള്ള ശേഷി കൂടുതലായിരിക്കും. അതിനാല്‍ കൂടുതല്‍ മരങ്ങള്‍ നട്ടാല്‍ പ്രശ്നം പരിഹരിക്കാം. ഇത്തരം നിലപാടുകള്‍ കര്‍ഷകരുടെ വരുമാനം വര്ധിപ്പിക്കുമെന്നതിനാല് അവരുടെ പിന്തുണയുമുണ്ടാവും. വയനാട്ടിലെ കോഫി കാര്‍ബണ്‍ ന്യൂട്രല്‍ കോഫിയാവുന്നത് ആഗോള വിപണിയില്‍ വലിയ പ്രാധാന്യം ലഭിക്കാന്‍ സഹായിക്കും. കാലാവസ്ഥയെ സംരക്ഷിക്കുന്നത് വരുമാനം വര്‍ധിപ്പിക്കുന്നതിനാല്‍ ജനങ്ങളുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കും. കാലാവസ്ഥാ സംരക്ഷിച്ചില്ലെങ്കില്‍ കൃഷി നിലനില്‍ക്കില്ലെന്ന കാഴ്ച്ചപാടിന് പ്രസക്തിയേറുകയാണ്.
പക്ഷെ, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ എളുപ്പവും നടപ്പാക്കാന്‍ പ്രയാസവുമാണെന്നും ഗിരിജന്‍ ഗോപി പറയുന്നു. സോളാര്‍ പദ്ധതികള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ബദല്‍ ഊര്‍ജമാര്‍ഗങ്ങള്‍, മാലിന്യം സംസ്കരണം തുടങ്ങിയ മേഖലകളില്‍ വലിയ തോതില്‍ പണം ചെലവ് ചെലവഴിക്കേണ്ടതാണ് ഇതിന് കാരണം.
കാര്‍ബണ്‍ ന്യൂട്രല്‍ കോഫി കര്‍ഷകര്‍ക്കും ഗുണമാവും
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയാണ് ബ്രഹ്മഗിരി വയനാട് കോഫിയെന്ന പേരില്‍ ‘കാര്‍ബണ്‍ ന്യൂട്രല്‍ കോഫി’ വിപണിയില്‍ ഇറക്കുക. നിലവില്‍ മീനങ്ങാടി അടക്കം വയനാട്ടിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും കോഫി ശേഖരിക്കുന്നുണ്ടെന്ന് ഡിവിഷണല്‍ മാനേജരായ കെ.ആര്. ജുബുനു പറയുന്നു. ഒരു കിലോഗ്രാം കോഫിക്ക് മറ്റുകമ്പനികള്‍ നല്കുന്നതിനേക്കാള് എട്ടു രൂപയധികം ഇപ്പോള്‍ തന്നെ അധികം നല്‍കുന്നുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് കിലോഗ്രാമിന് 20-25 രൂപ അധികം നല്‍കാനാണ് ഉദ്ദേശം.
”മീനങ്ങാടി കാര്‍ബണ്‍ ന്യൂട്രല്‍ ആവുന്നതോടെ അവിടെ നിന്നുള്ള കോഫിക്ക് വിദേശ വിപണികളില്‍ ആവശ്യക്കാര്‍ കൂടും. ഇത് കര്‍ഷകര്‍ക്ക് അധികനേട്ടമുണ്ടാക്കും. മീനങ്ങാടി കാര്‍ബണ്‍ ന്യൂട്രലാവുന്നത് പരിസ്ഥിതിക്കും കര്‍ഷകര്‍ക്കും ഗുണകരമാവുമെന്നാണ് നമ്മുടെ വിലയിരുത്തല്‍.”–കെ.ആര് ജുബുനു പറയുന്നു.
കണിയാമ്പറ്റയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിന് പ്രതിദിനം 500 കിലോഗ്രാം കോഫിയാണ് നിര്‍മിക്കാന്‍ സാധിക്കുന്നത്. പ്ലാന്റ് വികസിപ്പിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. നവംബര്‍ ആറിന് ഈ പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചു. പനമരത്തായിരിക്കും പുതിയ പ്ലാന്റ് സ്ഥാപിക്കുക. പ്രതിദിനം 4.5-5 ടണ്‍ കോഫി ഉല്‍പ്പാദിപ്പിക്കാന്‍ ഇത് സഹായിക്കും. വിദേശരാജ്യങ്ങളിളെ ഉപഭോക്താക്കള്‍ക്കായി പലതരം ബ്ലെന്‍ഡുകളും തയ്യാറാക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മല്‍സരം കോസ്റ്ററിക്കയോട്
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയാണ് നിലവില്‍ ആഗോളവിപണിയില്‍ കൂടുതലായി കാര്‍ബണ്‍ ന്യൂട്രല്‍ കോഫി എത്തിക്കുന്നത്. മൂന്നോളം കമ്പനികളും സഹകരണസ്ഥാപനങ്ങളുമാണ് കോഫി വിപണിയില്‍ എത്തിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ റിപ്പോര്‍ട്ട് പറയുന്നു. കോഫിക്ക് പുറമെ കാര്‍ബണ്‍ ന്യൂട്രലായ പഴം, പൈനാപ്പിള്‍ തുടങ്ങിയവയും അവര്‍ കയറ്റി അയക്കുന്നു. ഉന്നതനിലവാരമുള്ള അറബിക്ക ഇനം കോഫി കോസ്റ്ററിക്കയില്‍ ധാരാളമായുണ്ട്. കാപ്പി ഉല്‍പ്പാദനത്തില്‍ ലോകത്ത് പതിനാലാം സ്ഥാനമാണ് ആ രാജ്യത്തിനുള്ളത്.
****