തിരുവനന്തപുരം
സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ ചെലവുകളുടെ കണക്കു പരിശോധിക്കാൻ ചുമതലയുള്ള സിഎജിക്ക് കേരളത്തിലെ അണക്കെട്ടുകളിലെ ചെളിയെടുപ്പും ജോലി. കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിലാണ് 2018ലെ പ്രളയ കാരണങ്ങളെക്കുറിച്ചുള്ള വിശദ ‘കണക്കെടുപ്പ് ’ ഉള്ളത്. ചുമതലപ്പെടുത്തിയ ജോലിക്കു പുറമെയുള്ള ഈ കണക്കെടുപ്പ് പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ‘ഭേഷായി ആഘോഷിക്കുകയും’ ചെയ്തു.
സിഎജിക്ക് തൃപ്തിയും ആയിക്കാണും. പക്ഷേ, ഗോവ, തെലങ്കാന തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലെയും സിഎജി റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. അതിലൊന്നും ഈ വക കണക്കെടുപ്പുകൾ കാണാനുമില്ല. കേരളത്തോടുള്ള പ്രത്യേക ‘മമത’ മുമ്പും സിഎജി കാണിച്ചിട്ടുണ്ട്. കിഫ്ബിക്കെതിരായ നീക്കം സംസ്ഥാന നിയമസഭ തള്ളിയിട്ടും ഇപ്പോഴും തുടരുന്നു. പെട്ടെന്നുണ്ടായ അതിതീവ്ര മഴയും തുടർന്നുണ്ടായ പ്രളയവുമാണ് 2018ലെ ദുരന്തത്തിന് കാരണമായതെന്ന് പല തെളിവുകളിലൂടെ വ്യക്തമായതാണ്. എന്നാൽ, പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും ചില ആക്ഷേപങ്ങൾ നിരന്തരം പ്രചരിപ്പിക്കുകയാണ്. ഹൈക്കോടതിയിൽ അമിക്കസ്ക്യൂറി പറഞ്ഞ വാദവും സമാനം. ഇവയെല്ലാം ക്രോഡീകരിച്ച രൂപമാണ് സിഎജി റിപ്പോർട്ടിലുള്ളത്. അരുവിക്കര ഡാമിലെ ചെളി കോരിയില്ല, ഇടുക്കി, ഇടമലയാർ റൂൾ കർവില്ല, ജലനയം പുതുക്കിയില്ല തുടങ്ങി സർക്കാരിനെതിരെ ഏത് വഴിയിലായാലും കുറ്റപത്രം നിരത്തലാണ് സിഎജി റിപ്പോർട്ട്. കേന്ദ്ര ജല കമീഷൻ രാജ്യത്തുടനീളമുളള 275 പ്രളയ പ്രവചന കേന്ദ്രത്തിൽ ഒന്നുപോലും കേരളത്തിന് നൽകാത്തതിന്റെ ഉത്തരവാദിത്വവും സംസ്ഥാനത്തിന്റെ തലയിലിട്ടിരിക്കുന്നു. എന്ത് അധികാരമുപയോഗിച്ചാണ് ഇതൊക്കെയെന്ന് ചോദിച്ചാൽ ‘ ഇപ്പോൾ അങ്ങനെയാണ് ’ എന്നാകും ഉത്തരം.