തിരുവനന്തപുരം
കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ മുമ്പ് പറഞ്ഞ കാര്യങ്ങൾ അങ്ങനെതന്നെ ആവർത്തിക്കുന്നത് അസാധാരണമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
നിയമസഭ പ്രത്യേക പ്രമേയംവഴി നിരാകരിച്ച പരാമർശമശങ്ങളാണ് ആവർത്തിച്ചത്. ഒരു തവണ നിയമസഭ ചർച്ചചെയ്യുകയും പ്രമേയം പാസാക്കുകയും ചെയ്ത കാര്യം രണ്ടാമതും അങ്ങനെതന്നെ വരുന്നത് എന്തുകൊണ്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിയമസഭയും സർക്കാരും സിഎജിയും വ്യവസ്ഥാപിത നിയമങ്ങൾക്കകത്ത് പ്രവർത്തിക്കുന്നവയാണ്. നിയമങ്ങൾക്ക് അകത്തുനിന്ന് പറയാവുന്ന കാര്യങ്ങൾ പറയാം.
അതിനനുസരിച്ച് പരിശോധനകളും നടത്താം. അതാകും നല്ലത്. നിയമങ്ങളനുസരിച്ചാണ് സർക്കാർ കാര്യങ്ങൾ ചെയ്യുന്നത്. വികസനവും പരമാവധി ആളുകൾക്ക് സഹായവും എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.