കൊച്ചി: കുർബാന ക്രമം ഏകീകരിക്കുന്നതിനെതിരേ സീറോ മലബാർ സഭാ വൈദികരുടെ പ്രതിഷേധം. കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് വൈദികർ പ്രതിഷേധിച്ചത്.
സിറോ മലബാർ സഭയ്ക്കു കീഴിലുള്ള പള്ളികളിൽകുർബാനയർപ്പണ രീതി ഏകീകരിക്കുന്നതിനെതിരേ ഇപ്പോൾ ജനാഭിമുഖ കുർബാനയർപ്പിക്കുന്ന പള്ളികളിലെ വൈദികരാണ് സമര രംഗത്തേക്ക് എത്തിയിരിക്കുന്നത്.
നിലവിലുള്ള സിനഡ് തീരുമാനത്തെ എതിർത്തുകൊണ്ടുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സിനഡ് തീരുമാനങ്ങളോട് തങ്ങൾക്ക് അനുകൂലിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. ജനാഭിമുഖ കുർബാനയെ എതിർക്കുന്നവരും സഭാ ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ പ്രാർഥനായജ്ഞവുമായി എത്തിയ വൈദികർ സഭാ ആസ്ഥാനത്തേക്ക് എത്തിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു.
ജനാഭിമുഖമായി കുർബാന നടത്തണമെന്ന് ആവശ്യപ്പെട്ട വൈദികരെയടക്കമുള്ളവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എതിർക്കുന്ന വിഭാഗംസഭാ ആസ്ഥാനത്തിന് മുന്നിൽ നിലയുറപ്പിച്ചിരുന്നത്.ഇരുവിഭാഗങ്ങളും സഭാ ആസ്ഥാനത്തിന് മുന്നിൽ നിന്ന് പ്രാർഥനാഗാനങ്ങൾ ആലോപിച്ചുകൊണ്ട് പ്രതിഷേധിക്കുകയാണ്.
കുർബാന ഏകീകരണം 28 മുതലാണ്. എന്നാൽ ജനാഭിമുഖ കുർബാന വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് അതിനെ അനുകൂലിക്കുന്ന വിഭാഗം മാർപ്പാപ്പക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായില്ല. സിനഡിലോ മറ്റെവിടെയെങ്കിലുമോ ചർച്ചചെയ്യാത്ത ഏകീകരണം അടിച്ചേൽപ്പിക്കാൻ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിച്ചെന്നും വൈദികർ ആരോപിക്കുന്നു. മെത്രാൻമാർ സ്വന്തംതീരുമാനം അറിയിക്കാൻ സാധ്യതയുള്ളതുകൊണ്ടുകൂടിയാണു പ്രാർഥനായജ്ഞം നടത്തുന്നതെന്നു വൈദികർ പറയുന്നു.