ദുബായ്
ഓസ്ട്രേലിയക്കുമാത്രം സാധിക്കുന്ന അമ്പരപ്പിക്കുന്ന ഫിനിഷ്. ഏഴാമനായി ഇറങ്ങിയ വിക്കറ്റ്കീപ്പർ മാത്യു വെയ്ഡ് തുടരെ മൂന്ന് സിക്സർ പറത്തി, കൈവിട്ട വിജയം അവിശ്വസനീയമായി തിരിച്ചെടുത്തു. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാംസെമിയിൽ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ രണ്ടാംതവണ ഫൈനലിൽ കടന്നു. കലാശപ്പോരിൽ ഞായറാഴ്ച ന്യൂസിലൻഡാണ് എതിരാളി. സ്കോർ: പാകിസ്ഥാൻ 4–-176, ഓസ്ട്രേലിയ 5–-177 (19).
രണ്ട് ഓവറിൽ ഓസീസിന് ജയിക്കാൻ 22 റൺ വേണ്ടിയിരുന്നു. 19–-ാംഓവർ എറിഞ്ഞത് ഷഹീൻ അഫ്രീദി. ആദ്യ പന്തിൽ മാർകസ് സ്റ്റോയിനിസിന് റണ്ണെടുക്കാനായില്ല. രണ്ടാംപന്തിൽ ഒരു റൺ. മൂന്നാംപന്ത് വൈഡായി. അടുത്ത പന്തിൽ മാത്യു വെയ്ഡ് ഉയർത്തിയടിച്ചു. കൈയിൽ കിട്ടിയ പന്ത് ഹസൻ അലി നിലത്തിട്ടു. ആ പിഴവിന് വലിയ വില കൊടുക്കേണ്ടിവന്നു. രണ്ട് റണ്ണെടുത്ത വെയ്ഡ് അടുത്ത മൂന്ന് പന്തും സിക്സറടിച്ച് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. അപ്പോഴും ഒരോവർ ബാക്കി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 81 റണ്ണെടുത്തു. ഓസീസ് 5–-96 സ്കോറിലാണ് ഇരുവരും ഒന്നിച്ചത്. 17 പന്തിൽ 41 റണ്ണുമായി വെയ്ഡ് പുറത്താകാതെനിന്നു. മുപ്പത്തിമൂന്നുകാരൻ നാല് സിക്സറും രണ്ട് ഫോറുമടിച്ചു. സ്റ്റോയിനിസ് 31 പന്തിൽ 40 റൺ നേടി. രണ്ടുവീതം ഫോറും സിക്സറും.
ആദ്യ ഓവറിൽ ഷഹീൻ അഫ്രീദി ഞെട്ടിച്ചതാണ്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് റണ്ണെടുക്കാതെ പുറത്തായി. ഓപ്പണർ ഡേവിഡ് വാർണർ പൊരുതിനിന്നു. 30 പന്തിൽ 49 റണ്ണെടുത്ത വാർണറെ ഷദാബ്ഖാന്റെ പന്തിൽ വിക്കറ്റ്കീപ്പർ റിസ്വാൻ പിടിച്ചെന്ന് അമ്പയർ വിധിച്ചു. പരിശോധനയ്ക്ക് നിൽക്കാതെ വാർണർ മടങ്ങിയത് അബദ്ധമായി. പന്ത് ബാറ്റിൽ തട്ടിയില്ലെന്ന് റീപ്ലേയിൽ തെളിഞ്ഞു. മുഹമ്മദ് റിസ്വാനും (52 പന്തിൽ 67) ഫഖർ സമാനും (32 പന്തിൽ 55*) പാകിസ്ഥാൻ നിരയിൽ തിളങ്ങി. സ്പിന്നർ ഷദാബ് ഖാൻ നാല് ഓവറിൽ 26 റൺ വഴങ്ങി നാല് വിക്കറ്റെടുത്തെങ്കിലും രക്ഷയുണ്ടായില്ല.















