തിരുവനന്തപുരം
ജനതാൽപ്പര്യം സംരക്ഷിക്കുന്ന ബദൽ വികസന നയമാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ ഇവിടെ സംരക്ഷിക്കുകയാണ്. കേന്ദ്രം വിൽക്കാൻവച്ചവ ഏറ്റെടുത്ത് ശക്തിപ്പെടുത്തി. ബിഎച്ച്ഇഎൽ ഇലക്ട്രിക്കൽ മെഷീനിലുണ്ടായിരുന്ന 51 ശതമാനം ഓഹരികളും കേരളം വാങ്ങി. 145.6 കോടി രൂപയ്ക്ക് എച്ച്എൻഎൽ ഏറ്റെടുത്ത് ബോർഡ് പുനഃസംഘടിപ്പിച്ചു. ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, ബിഎച്ച്ഇഎൽ ഇഎംഎൽ, ബിപിസിഎൽ, ബെമൽ, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് തുടങ്ങി സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ നിതി ആയോഗിന്റെ നിർദേശപ്രകാരമാണ് കേന്ദ്രം നടപടിയെടുത്തത്.
ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ സ്വകാര്യവൽക്കരണ പട്ടികയിലുണ്ട്. ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറി വിൽക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും കത്തയച്ചിരുന്നു. നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
പാലക്കാട് ഇൻസ്ട്രുമെന്റേഷന്റെ 123 ഏക്കറിന്റെ വിലകൂടി നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. പോർട്ട് ട്രസ്റ്റ് ഉൾപ്പെടെ സ്വകാര്യവൽക്കരിക്കുന്നതിൽ ശക്തമായ പ്രാദേശിക എതിർപ്പ് ഉയർന്നിട്ടുണ്ട്. സർക്കാരും കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്നും കെ എൻ ഉണ്ണിക്കൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.