കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട്സി.പി.എം നിലപാടിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. അലനും താഹയും സി.പി.എമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലർത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ പാർട്ടിക്ക് എല്ലാ കാലത്തും ഒരു നിലപാടാണ്. പാർട്ടി സ്വീകരിച്ച നിലപാടിൽ തെറ്റില്ലെന്നും പി. മോഹനൻ പറഞ്ഞു.സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിൽ ഉണ്ടായ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അലന്റെയും താഹയുടെയും ബ്രാഞ്ച് ഉൾപ്പെടുന്ന ഏരിയാ സമ്മേളനത്തിലാണ് പന്തീരാങ്കാവ് വിഷയവുമായി ബന്ധപ്പെട്ട്വിമർശനം ഉയർന്നത്. പോലീസ് പറഞ്ഞത് മാത്രം വിശ്വസിച്ച് പാർട്ടി മുന്നോട്ടുപോയി എന്നതായിരുന്നു സമ്മേളന പ്രതിനിധികളിൽ ചിലർ ഉയർത്തിയ വിമർശനം. യു.എ.പി.എ വിഷയത്തിലെ പാർട്ടി നിലപാടും സമ്മേളനത്തിൽ ചർച്ചയായി.
നേരത്തെ പി. മോഹനൻ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പോലീസിനെതിരെ പരോക്ഷമായി ഈ വിഷയത്തിൽ വിമർശനമുന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം വന്നതോടെ അദ്ദേഹം ഈ നിലപാടിൽ നിന്ന് പിറകോട്ട് പോവുകയായിരുന്നു.
Content Highlights: P Mohanan on Pantheerankavu UAPA case