തിരുവനന്തപുരം> പുതുമുഖ സംവിധായക ലക്ഷ്മി പുഷ്പയുടെ ‘കൊമ്പല്’ ഹ്രസ്വചിത്രം കാന്‍സ് വേള്‍ഡ് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ദേശീയ അന്തര്‍ദ്ദേശീയ ചലച്ചിത്രമേളകളില്‍ നിന്നായി പത്തോളം അവാര്‍ഡുകള്‍ ‘കൊമ്പല്’ ഇതിനകം സ്വന്തമാക്കി. പുരുഷാധികാരം വിലങ്ങിടുന്ന സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള ആവിഷ്കാരമാണ് ചിത്രം.
ജോളി ചിറയത്ത് നായികയായ ചിത്രത്തില്‍ ബൈജു നെറ്റോ, വിഷ്ണു സനല്‍ കുമാര്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. മദ്രാസ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടി, മികച്ച തിരക്കഥ, മികച്ച സംവിധാനം എന്നീ അവാര്‍ഡുകളും ചിത്രം നേടി. ബ്ളാക്ക് ബോര്‍ഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രമായിരുന്നു കൊമ്പല്.
IFTA ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്ത ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. നോബിള്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ്സ്, പുണെ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍, ആശ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെ ഒഫീഷ്യല്‍ സെലക്ഷനും നേടി. ഇന്ത്യന്‍ ക്രീയേറ്റിവ് മൈന്‍ഡ്സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച സൗണ്ട് ഡിസൈന്‍ എന്നീ അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി. ചിത്രം ഉടന്‍ പ്രേക്ഷകരിലേക്കെത്തും.
പി വി ഓമനയും പ്രിയ നായരും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാഗ് മങ്ങാത്തും എഡിറ്റിങ് ആശിഷ് ഗോപിയുമാണ് നിര്‍വഹിച്ചത്. ആം ആര് ആരതിയുടേതാണ് തിരക്കഥ. പശ്ചാത്തല സംഗീതം: ബേസില്‍ സി ജെ.