ആലപ്പുഴ: ജി സുധാകരനെതിരായ അച്ചടക്ക നടപടിക്ക് ശേഷവും ആലപ്പുഴ സിപിഎമ്മിൽ തർക്കങ്ങൾ തുടരുന്നു. പുന്നപ്ര ജെ.ബി സ്കൂളിന്റെ ഉദ്ഘാടന നോട്ടീസിൽ നിന്ന് ജി സുധാകരന്റെ പേരുൾപ്പെടുന്ന ഭാഗം ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ച്ചു.
ജി സുധാകരൻ മന്ത്രിയായിരിക്കെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ സ്കൂൾ കെട്ടിടം നിർമിച്ചത്. എച്ച് സലാം എംഎൽഎയുടെ ഓഫീസാണ് നോട്ടീസ് അച്ചടിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ സുധാകരന്റെ പേര് ഒഴിവാക്കിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് എം.എൽ.എ പ്രതികരിച്ചത്.
ജി സുധാകരൻ താമസിക്കുന്നതിന്റെ തൊട്ടടുത്താണ് സ്കൂൾ. എന്നാൽ പരിപാടിയിലേക്ക് ജി സുധാകരന് ക്ഷണമില്ല. ഉദ്ഘാടനവുമായി ബന്ധപ്പെട്ടിറക്കിയ നോട്ടീസിൽ സ്കൂളിന്റെ ചിത്രവും കൊടുത്തിരുന്നു. എന്നാൽ യഥാർഥ കെട്ടിടത്തിന് മുകളിൽ പെയിന്റ് ഉപയോഗിച്ച് എഴുതിയ ജി സുധാകരൻ എംഎൽഎ ആസ്തി വികസന ഫണ്ട് 2019-20 എന്ന ഭാഗം നോട്ടീസിലെ ചിത്രത്തിൽ നൽകിയിട്ടില്ല. ഇത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നീക്കിയതാണെന്നാണ് കരുതുന്നത്.
വിവാദത്തെ തുടർന്ന് പുതിയ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ജി സുധാകരന്റെ പേര് അച്ചടിച്ച കെട്ടിടത്തിന്റെ ചിത്രമാണ് പുതിയ നോട്ടീസിൽ കൊടുത്തിരിക്കുന്നത്.