കൊച്ചി > മുല്ലപ്പെരിയാര് ബേബി ഡാമിന് സമീപം പട്ടയഭൂമിയിലെ മരങ്ങള് മുറിക്കാന് അനുമതി നല്കിയ ചീഫ് വൈല്ഡ്ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂര് രാധാകൃഷ്ണന്റെ അടുപ്പക്കാരന്. യുഡിഎഫ് ഭരണകാലത്ത് വനംമന്ത്രിയായിരിക്കെ തിരുവഞ്ചൂരിന്റെ സ്പെഷ്യല് പ്രൈവറ്റ് സെക്രട്ടറി (ഓഫീസര് ഇന് സ്പെഷ്യല് ഡ്യൂട്ടി) ആയിരുന്നു ബെന്നിച്ചന്. നിയമങ്ങള് പാലിക്കാതെയും സംസ്ഥാന സര്ക്കാരുമായി ആലോചിക്കാതെയും മരംമുറിക്കാന് ബെന്നിച്ചന് തോമസ് ഇറക്കിയ ഉത്തരവാണ് ഇപ്പോള് വിവാദമുണ്ടാക്കിയത്. തുടര്ന്നാണ് ബുധനാഴ്ച ചേര്ന്ന മന്ത്രിസഭായോഗത്തില് ഉത്തരവ് റദ്ദാക്കാനും ബെന്നിച്ചനെ സസ്പെന്ഡ് ചെയ്യാനും തീരുമാനിച്ചത്.
15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാനാണ് സര്ക്കാരുമായി ആലോചിക്കാതെ ചീഫ് വൈല്ഡ്ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് അനുമതി നല്കിയത്. ഉത്തരവിറക്കാനിടയായ സാഹചര്യം, മറ്റുള്ളവര്ക്ക് പങ്കുണ്ടോ തുടങ്ങിയ വിഷയങ്ങള് ചീഫ് സെക്രട്ടറി അന്വേഷിക്കും. മരംമുറിക്കാനാവശ്യമായ കേന്ദ്ര–സംസ്ഥാന സര്ക്കാരുകളുടെ അനുമതി നേടാതെ പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനില്ക്കില്ല. തമിഴ്നാട് ജലവിഭവ വകുപ്പിലെ കമ്പം എക്സിക്യൂട്ടീവ് എന്ജിനിയര് സമര്പ്പിച്ച അപേക്ഷയില് മരങ്ങള് മുറിച്ചുനീക്കാനുള്ള അനുമതി കേന്ദ്രനിയമങ്ങള് നിഷ്കര്ഷിച്ചിട്ടുള്ള ക്ലിയറന്സ് ലഭ്യമാക്കാതെയാണ് പുറപ്പെടുവിച്ചത്.
കേരളം സുപ്രീംകോടതിയില് നല്കിയ റിട്ട് ഹര്ജിയില് 2021 ജനുവരി 22നു നല്കിയ സത്യവാങ്മൂലത്തില്, മരംമുറിക്കാന് കേന്ദ്ര -വനം— പരിസ്ഥിതി– കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ദേശീയ വന്യജീവി ബോര്ഡ് സ്റ്റാന്ഡിങ് സമിതിയുടെയും അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്തര്സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തില് തീരുമാനമെടുക്കുന്നതിനുമുമ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്പ്പിക്കേണ്ടതാണെന്ന് സംസ്ഥാന സര്ക്കാരിന്റെ റൂള്സ് ഓഫ് ബിസിനസിലും നിഷ്കര്ഷിച്ചിട്ടുണ്ട്. ചീഫ് വൈല്ഡ്ലൈഫ് വാര്ഡന് ഉത്തരവ് ഇറക്കുമ്പോള് ഈ നടപടിക്രമങ്ങളൊന്നും പാലിച്ചില്ല. മരംമുറി ഉത്തരവ് വിശദമായി പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിനുവേണ്ടി മന്ത്രി കെ കൃഷ്ണന്കുട്ടി ബുധനാഴ്ച നിയമസഭയിലും വ്യക്തമാക്കിയിരുന്നു.