കൽപ്പറ്റ > തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വയനാട് ബിജെപിയിൽ ഉണ്ടായ പ്രശ്നങ്ങൾ തീർക്കാൻ ഒത്തുതീർപ്പ് ചർച്ചയുമായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേരിട്ടെത്തെണമെന്ന വിമത വിഭാഗത്തിന്റെ ആവശ്യത്തോട് വഴങ്ങിയാണ് ചർച്ച. കൽപ്പറ്റ ജില്ലാ ആസ്ഥാനത്ത് തുടരുകയാണ് ചർച്ച. ഫണ്ട് വെട്ടിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട് നൽകിയ പരാതികളിൽ നേതൃത്വം നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പാർട്ടി വിട്ട സാഹചര്യത്തിലാണ് അനുനയ നീക്കം.
വിഷയം നേരിട്ടെത്തി ചർച്ച ചെയ്യണമെന്ന് മുതിർന്ന നേതാക്കളുൾപ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ സുരേന്ദ്രൻ തയ്യാറായിരുന്നില്ല.തുടർന്ന് ബത്തേരി മണ്ഡലം കമ്മിറ്റി രാജിവെക്കുകയും പല നേതാക്കളും പാർട്ടി വിടുകയും ചെയ്തു. മണ്ഡലം സെക്രട്ടറി കെ ബി മദൻലാലിനെ പാർട്ടി പുറത്താക്കുകയും ചെയതതോടെ ഭിന്നത രൂക്ഷമായി.
ഇതിനിടെ ജില്ലാ പ്രസിഡന്റായി ഫണ്ട് തിരിമറിയിൽ ആരോപണ വിധേയനായ കെ പി മധുവിനെ നിയോഗിച്ചു. എന്നാൽ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. വിമത വിഭാഗം ബഹിഷ്കരണം തുടങ്ങിയതോടെ സംഘടനാനടപടികൾ അവതാളത്തിലുമായി. ശക്തമായ സമ്മർദ്ദം തുടർന്നതോടെയാണ് കെ സുരേന്ദ്രനും സംഘടനാ സെക്രട്ടറി എം ഗണേഷും ജില്ലയിലെത്തിയത്.