തിരുവനന്തപുരം > പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരമാണ്. സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ ഇത് വളരെ ഗൗരവത്തോടെയാണ് കേരള സര്‍ക്കാര്‍ സമീപിക്കുന്നതും നടപടികള്‍ സ്വീകരിക്കുന്നതും. പി സി വിഷ്ണുനാഥിന്റെ അടിയന്തര
പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ മറുപടി പൂർണരൂപം:
ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോയില്‍ ലോകരാഷ്ട്രങ്ങളുടെ ഉന്നതതല യോഗം നടക്കുകയാണ്. ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു വിദഗ്ധ സമിതിയാണ്. ആഗോളതാപനില ഉയരുന്നതിനെപ്പറ്റിയും അതിന്റെ പരിണിതഫലങ്ങളെയും പറ്റി വിശദമായി തന്നെ ഗവേഷകര്‍ നടത്തുന്ന കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത്.
ആഗോളതാപനില ഉയരുന്നതിന്റെ തോത് വര്‍ദ്ധിക്കുന്നതായി ആഗസ്റ്റ് 9, 2021 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരാമാര്‍ശമുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അടിസ്ഥാനപ്പെടുത്തി യു.എസ്.എ യിലെ നാസ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ചില ശാസ്ത്രജ്ഞര്‍ കേരളത്തിലെ തീരദേശ ജില്ലകളുടെ ചില ഭാഗങ്ങള്‍ 2150 ഓടെ ജലനിരപ്പ് ഉയരുന്നതുവഴി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഇതാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
2011 – 2020 കാലഘട്ടത്തില്‍ ഇത് 1850 – 1900 കാലഘട്ടത്തേക്കാള്‍ ശരാശരി 1.09 ഡിഗ്രി കൂടുതലാണ്. കടലിലെ താപനില 0.88 ഡിഗ്രിയും കരയിലെ താപനില 1.95 ഡിഗ്രിയുമാണ് കൂടിയിട്ടുള്ളത്. ഇതിന്റെ ഗൗരവം എല്ലാ സര്‍ക്കാരുകളും ഉള്‍ക്കൊള്ളേണ്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ ഇത് വളരെ ഗൗരവത്തോടെയാണ് കേരള സര്‍ക്കാര്‍ സമീപിക്കുന്നതും നടപടികള്‍ സ്വീകരിക്കുന്നതും.
കേരളത്തിന്റെ വികസനപരിപ്രേഷ്യം എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടാണ് ഇവിടെ പ്രധാനം. സാമ്പത്തികവളര്‍ച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാകുന്ന ഒരു വികസന പരിപ്രേഷ്യമാണ് സര്‍ക്കാരിനുള്ളത്. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തന്നെ പാരിസ്ഥിതിക സംരക്ഷണത്തെ പ്രധാനമായി കാണുന്നു എന്നതുകൊണ്ടാണ് കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ചുള്ള ഒരു ധവളപത്രം എല്‍ ഡി എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. നേരത്തെ തന്നെ പാരിസ്ഥിതിക പ്രശ്നത്തെ ഗൗരവമായി കാണുകയും തുടര്‍ന്ന് ഓരോ ഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നത്തെ കണ്ട് പരിഹരിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
ആഗോള താപനില ഉയരുന്നതിന്റെ മുഖ്യ കാരണം ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ (കാര്‍ബണ്‍ഡൈ ഓക്സൈഡ്, മീഥൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവ) ബഹിര്‍ഗമനമാണ്. ഇവ കുറയ്ക്കാനും പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമാണ് ആഗോളതലത്തില്‍ ലോകരാഷ്ട്രങ്ങളുടെ സമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത്. കേരളം സമയബന്ധിതമായി ഗ്രീന്‍ഹൗസ് ഗ്യാസുകളുടെ ബഹിര്‍ഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
ഓരോ മേഖലയിലും ഉണ്ടാകുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനത്തിന്റെ കണക്ക് ചര്‍ച്ചക്കായുള്ള രേഖയില്‍ ഉള്‍പ്പെടുത്തി ലക്ഷ്യം എങ്ങനെ നിറവേറ്റാമെന്നാണ് സര്‍ക്കാര്‍ പരിഗണിച്ചുവരുന്നത്. ഇത് നടപ്പില്‍ വരുത്താനായി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയില്‍ ഊര്‍ജ്ജ – തദ്ദേശസ്വയംഭരണ, വനം – ശാസ്ത്രസാങ്കേതിക വകുപ്പ് എന്നിവയുടെ ചുമതലുള്ള സെക്രട്ടറിമാരും അംഗങ്ങളാണ്. സമയബന്ധിതമായി സംസ്ഥാനത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ് സമിതിയുടെ ദൗത്യം. ഇതിന്റെ ആദ്യ യോഗം 2021 നവംബര്‍ 19 ന് ചേരുന്നുണ്ട്.
ഇതിനു പുറമെ ദുരന്താഘാത പ്രതിരോധ ശേഷിയുള്ള കേരള നിര്‍മ്മിതിക്കുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം, ജലവിഭവം, തദ്ദേശസ്വയംഭരണം, റവന്യൂ, കൃഷി, ഗതാഗതം, ശാസ്ത്രസാങ്കേതികം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് പ്രമേയത്തിലെ ആരോപണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമീപനം സമഗ്രതയുള്ളതാണ്. ദുരന്താഘാതം താങ്ങാന്‍ ശേഷിയുള്ള നവകേരള നിര്‍മ്മിതിയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി രൂപീകരിക്കപ്പെട്ടതാണ് റിബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് (ആര്.കെ.ഐ). ഇതിന്റെ ഭാഗമായി സ്വീകരിക്കുന്ന നടപടികള്‍ ഈ സഭയില്‍ തന്നെ ഒന്നിലധികം തവണ വിശദീകരിച്ചിട്ടുണ്ട്. 12 വകുപ്പുകളിലായി 7791.14 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവ നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 5,271.88 കോടി രൂപയുടെ പദ്ധതികള്‍ ടെണ്ടര്‍ ചെയ്തിട്ടുമുണ്ട്. ആര്.കെ.ഐ പദ്ധതികള്‍ കേവലം നിര്‍മ്മാണ പദ്ധതികളല്ല. മേല്‍പ്പറഞ്ഞതുപോലെ ദുരന്തപ്രതിരോധ ശേഷിയുള്ളവയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഭവനനിര്‍മ്മാണ പദ്ധതിയായ ലൈഫ് പ്രി ഫാബ് സാങ്കേതികവിദ്യ സ്വീകരിച്ചിട്ടുണ്ട്. പ്രകൃതിവിഭവ ചൂഷണം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സാങ്കേതികവിദ്യ.
നമ്മുടെ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും പ്രകൃതിദുരന്തങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് 2006-2011 ലെ സര്‍ക്കാര്‍ 2008 ല്‍ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമനിര്‍മ്മാണം നടത്തിയതും ഇത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരും ഈ സര്‍ക്കാരും ഫലപ്രദമായി നടപ്പിലാക്കി വരുന്നതും.
വര്‍ഷകാലത്ത് ഒഴുകിയെത്തുന്ന ജലം മണ്ണിലൂര്‍ന്ന് ഇറങ്ങാന്‍ നെല്‍കൃഷിക്കുള്ള പങ്ക് ചെറുതല്ല. 2016 – 21 കാലഘട്ടത്തില്‍ സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃപരമായ പങ്കോടെയാണ് നെല്‍കൃഷി വ്യാപനം നടന്നുവരുന്നത്.
ഇതിനുംപുറമെ നദികളുടെ സ്വാഭാവികമായ ഒഴുക്ക് ഉറപ്പാക്കാന്‍ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നവകേരളം മിഷന്റെ നേതൃത്വത്തില്‍ ഇത്തരം പരിപാടികള്‍ തുടരുന്നതാണ്.
നദികളിലും ഡാമിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ നീക്കം ചെയ്യാനുള്ള പരിപാടിയും സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. ഇവയെല്ലാം തന്നെ പ്രളയാഘാതം കുറയ്ക്കാന്‍ ഗണ്യമായി സഹായിക്കുന്നതാണ്.
ഗ്രീന്‍ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം ഉണ്ടാകുന്ന ഒരു മേഖല പരമ്പരാഗത ഊര്‍ജ്ജ ഉത്പാദനത്തിലൂടെയാണ്. പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സൗരോര്‍ജ്ജോത്പാദനത്തിനായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികളും വരുത്തിയിട്ടുണ്ട്.
കാര്‍ബണ്‍ ന്യൂട്രാലിറ്റിക്കായി ഏറ്റവും ഫലപ്രദമായ നടപടി വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കലാണ്. വനദിനത്തിനു വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനു പുറമെ ഒരു കോടി വൃഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് തുടരുന്നതുമാണ്. വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാരണങ്ങള്‍ പരിശോധിക്കാനും സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍കൈ എടുത്തിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയുള്ള നടപടിയും സ്വീകരിച്ചു വരികയാണ്.
റി ബില്‍ഡ് കേരളയുടെ ഭാഗമായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കുന്നത് കാലാവസ്ഥാ വ്യതിയാനം തടയാനും ദുരന്തപ്രതിരോധ ശേഷിയുള്ള കേരള നിര്‍മ്മിതി ലക്ഷ്യമിട്ടുകൂടിയാണ്.
കാര്‍ബണ്‍ ന്യൂട്രാലിറ്റിക്ക് അനിവാര്യമായ മറ്റൊരു പരിഷ്ക്കരണം ഗതാഗത മേഖലയിലാണ്. പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന ഗ്രീന്‍ഹൗസ് വാതക ബഹിര്‍ഗമനവും അന്തരീക്ഷ മലിനീകരണവും തടയാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ നയം രൂപീകരിക്കുകയും ആവശ്യമായ നടപടികള്‍ മുന്നോട്ടുനീക്കാനുള്ള പരിശ്രമം നടത്തിവരികയുമാണ്. പലവിധ തടസ്സങ്ങള്‍ നേരിട്ടെങ്കിലും ഇത് മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഗ്രീന്‍ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനത്തിനുള്ള മറ്റൊരു കാരണം ഖരമാലിന്യങ്ങളും മെഡിക്കല്‍ വേസ്റ്റും അടിഞ്ഞുകൂടുന്നതാണ്. മാലിന്യസംസ്കരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നേതൃത്വം വഹിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര വിദഗ്ധരുടെ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. വേസ്റ്റ് ടു എനര്‍ജി പദ്ധതിയും ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.
പരിസ്ഥിതി വകുപ്പ് സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ചിന്റെ പരിഷ്ക്കരണം നടത്തിവരികയാണ്. പ്രതിസന്ധികളുടെ സാധ്യതകളെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കും പരിഷ്ക്കരിച്ച നയം ആവിഷ്ക്കരിക്കുക. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ വ്യതിയാന പഠന ഇന്‍സ്റ്റിറ്റ്യൂട്ട് ഐ.പി.സി.സി കണ്ടെത്തലുകള്‍ കണക്കിലെടുത്തുകൊണ്ട് സംസ്ഥാന സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ഒരു വിശദമായ പഠനം നടത്തിവരികയാണ്. ഇത് നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്. 2021 ഡിസംബറില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിഗമനം.
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത് സര്‍ക്കാര്‍ ഈ വിഷയത്തെ അതീവഗൗരവത്തോടെ കാണുന്നു എന്നതാണ്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുമുണ്ട്. 2018 ലും 2019 ലും ഉണ്ടായ പ്രകൃതിദുരന്തങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഏതോ നടപടികള്‍ കാരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അടിസ്ഥാനരഹിതം മാത്രമല്ല, അശാസ്ത്രീയവുമാണ്. നമ്മുടെ വികസന പ്രക്രിയ ദീര്‍ഘകാലത്ത് പ്രകൃതി വിഭവങ്ങളെ പല രീതിയിലും ചൂഷണം ചെയ്തിട്ടുണ്ട്. ഈ രീതിയില്‍ ഘടനാപരമായ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ സമഗ്രസമീപനം സ്വീകരിച്ചു വരുന്നത്.
രണ്ടാം മറുപടി
ആഗോളതലത്തില്‍ ഉണ്ടാകുന്ന പരിസ്ഥിതിവ്യതിയാനവും അതിന്റെ ഭാഗമായുള്ള ഭാരിച്ച മഴയുമെല്ലാം കേരളത്തിന്റെ പരിസ്ഥിതിയില്‍ ഗൗരവമായി ബാധിക്കുന്നതാണ്. സമുദ്രനിരപ്പില്‍ നിന്ന് 75 മീറ്റര്‍ ഉയരത്തിലുള്ള മലനാട് കേരളത്തിന്റെ 48 ശതമാനത്തോളം വരും.
താഴ്വാരങ്ങളും സമതലങ്ങളുമടങ്ങിയ 7.5 മീറ്റര്‍ മുതല്‍ 75 മീറ്റര്‍ ഉയരത്തിലുള്ള ഇടനാട് 10 ശതമാനത്തോളം വരും. പശ്ചിമ ഘട്ടത്തില്‍ നിന്നും ഉത്ഭവിക്കുന്ന 41 നദികള്‍ പടിഞ്ഞാറോട്ട് ഒഴുകി സമുദ്രത്തില്‍ പതിക്കുകയും ചെയ്യും. പശ്ചിമഘട്ടത്തില്‍ പെയ്യുന്ന മഴ മണിക്കൂറുകള്‍ കൊണ്ട് സമുദ്രത്തിലേക്ക് പതിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ട്. കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ സവിശേഷമായ ഈ പരിസ്ഥിതിയില്‍ ഗൗരവകരമായ പ്രശ്നങ്ങളുണ്ടാക്കുന്നു എന്നതാണ് നമ്മള് അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം.
ഇത് സൃഷ്ടിക്കുന്ന പ്രളയവും അതുപോലുള്ള പ്രകൃതിദുരന്തങ്ങളും അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ അതാതു ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. പ്രളയദുരന്തത്തെ പരിഹരിക്കുന്നതിന് നാം നടത്തിയ രക്ഷാപ്രവര്‍ത്തനവും ജീവനോപാധികള്‍ തിരിച്ചുനല്കുന്നതിനുവേണ്ടി നടത്തിയ ഇടപെടലുകള്‍ വലിയ ലോകശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ പാരിസ്ഥിതിക വ്യതിയാനവും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതയും കണക്കിലെടുത്ത് ദുരന്തങ്ങളില്‍ നിന്ന് മാറിനില്ക്കാന് പ്രാപ്തമാകുന്ന ദീര്‍ഘകാല പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. റി-ബില്‍ഡ് കേരള ലക്ഷ്യം വെയ്ക്കുന്നത് ഇത്തരത്തിലുള്ള ഇടപെടലാണ്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ സംസ്ഥാനത്തെ ജനങ്ങളെ പാരിസ്ഥിതിക സവിശേഷതകളെ മനസ്സിലാക്കി ജീവിതം ക്രമപ്പെടുത്തുന്നതിനുള്ള സമഗ്രമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. നേരത്തെ മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ ഇക്കാര്യത്തില്‍ വിവിധ കമ്മിറ്റികളും ദീര്‍ഘകാല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും എന്നും പ്രതിജ്ഞാബദ്ധമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പിലാക്കിയത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ധവളപത്രം പുറത്തിറക്കിയും അതിന്റെ കൂടി അടിസ്ഥാനത്തില്‍ വികസനകാഴ്ചപ്പാടുകള്‍ രൂപീകരിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. റി-ബില്‍ഡ് കേരളയും ദീര്‍ഘകാല പദ്ധതി എന്ന നിലയില്‍ ആസൂത്രണം ചെയ്തത് മേല്‍പ്പറഞ്ഞ പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ നിലപാടാണ്.
ഭാവി പ്രവര്‍ത്തനം
– 2035 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കേരളം എന്ന പദ്ധതി നടപ്പിലാക്കുന്നതിന് ഒരു നോഡല്‍ ഏജന്‍സിയെ നിയോഗിക്കുന്ന കാര്യം പരിശോധിക്കും. പരിസ്ഥിതി, ഗതാഗതം, തദ്ദേശസ്വയംഭരണം, അനെര്‍ട്ട്, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പുകളുടെ പിന്തുണ നല്‍കുന്നതിനുള്ള സംവിധാനവും ആലോചിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന കോണ്‍ക്ലേവ് ഷെഡ്യൂള്‍ ചെയ്യുന്ന കാര്യവും പരിശോധിക്കും.
– യു.കെ യിലെ ഗ്ലാസ്ഗോയില്‍ യു എന്‍ എഫ് സി.സി.സി. യിലേക്കുള്ള 26-ാമത് സെഷനില്‍ ഉയര്‍ന്നുവന്നിട്ടുള്ള കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ചു കൂടി 19-ാം തീയതി ചേരുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് പരിശോധിക്കുന്നുണ്ട്.
കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍
· പാരിസ്ഥിതിക സംരക്ഷണത്തിന് പ്രധാനമാണ് കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്ക് എത്തിക്കുക എന്നത്. ഇതനുസരിച്ചുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിക്കുകയാണ്.
· ഇത് പരിശോധിച്ചാല്‍ ഹരിതഗ്രഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന്റെ 91 ശതമാനവും സംഭാവന ചെയ്തത് ഊര്‍ജ്ജ മേഖലയാണെന്ന് കാണാം. അതുകൊണ്ട് ആ മേഖലയില്‍ ഇടപെടുന്നതിനുള്ള സമീപനം സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
· സൗരോര്‍ജ്ജത്തില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ്.
· പരമ്പരാഗതമായ ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിച്ച് ചെറുഗ്രാമങ്ങള്‍ക്കും ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന മൈക്രോ പവര്‍ ഗ്രിഡുകള്‍ സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
· വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കുന്നതിനുള്ള ഒരു കാരണം ഊര്‍ജ്ജകാര്യക്ഷമമായ ഉപകരണങ്ങളുടെ അഭാവമാണ്. ഇത് കണക്കിലെടുത്ത് ചില നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
· നിലനില്‍ക്കുന്ന കെട്ടിടങ്ങളുടെ ഊര്‍ജ്ജഓഡിറ്റിംഗ് നിര്‍ബന്ധമാക്കുന്നതിനും ഉപഭോഗം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ ഇതില്‍ പ്രധാനമാണ്.
· പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാകട്ടെ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചുള്ള നിര്‍മ്മണത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും.
· തെരുവുവിളക്കുകള്‍ എല്‍ ഇ ഡി യിലാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും.
· ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി ഇ-മൊബിലിറ്റി നയം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കും.
· സി എന്‍ ജി / ഹൈഡ്രജന്‍ പവര്‍ / ബയോ ഫ്യൂവല്‍ എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
· സൈക്കിളുകളുടെ രൂപത്തിലുള്ള മോട്ടൊറൈസ്ഡ് അല്ലാത്ത ഗതാഗത സംവിധാനങ്ങള്‍ പ്രാത്സാഹിപ്പിക്കും.
· മണ്ണിനും നിലവിലുള്ള പരിസ്ഥിതിക്കും ദോഷംവരുത്താത്ത കൃഷിരീതികള്‍ കൊണ്ടുവരും.
· പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
· ജൈവമാലിന്യത്തിന്റെ സംസ്കരണത്തിലൂടെ ഹരിതഗ്രഹ വാതകങ്ങളുടെ വര്‍ദ്ധനവ് തടയുന്നതിനുള്ള നടപടി സ്വീകരിക്കും.
· കാര്‍ബണ്‍ ന്യൂട്രല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
· നിലനില്‍ക്കുന്ന പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനത്തില്‍ വന്നുചേര്‍ന്നിട്ടുള്ള ദൗര്‍ബല്യങ്ങളെ പരിഹരിക്കുക എന്നതും സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത നിരവധി മരങ്ങള്‍ പിഴുതുമാറ്റുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
· യൂക്കാലിപ്സ്, അക്വേഷ്യ, വാറ്റല്‍, തുടങ്ങിയ മരങ്ങള്‍ ഇതിന്റെ ഭാഗമായി കടന്നുവന്നവയാണ്. ഇവയെ പിഴുത്മാറ്റി ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ മനസ്സിലാക്കി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. വനവത്ക്കരണ നടപടികള്‍ സ്വീകരിക്കും. റോഡിനു ഇരുവശവും മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.
· ഇത് സംബന്ധിച്ച ഒരു നയം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നയം രൂപീകരിക്കുന്നതിന് ഒരു കാബിനറ്റ് സബ് കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.