കൊച്ചി
നടൻ ജോജു ജോർജിന്റെ വാഹനം അടിച്ചുതകർത്ത കേസ് കൈകാര്യം ചെയ്തതിൽ എറണാകുളം ഡിസിസി നേതൃത്വത്തിന് പിഴച്ചെന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ. ദേശീയപാത ഉപരോധസമരം അനാവശ്യമായിരുന്നു. ഡിസിസി നേതൃത്വം കെഎസ്യു നിലവാരത്തിൽനിന്ന് ഉയരാത്തതാണ് സമരം വഴിതെറ്റാനും ജോജുവിഷയം പാർടിക്ക് അപകീർത്തിയുണ്ടാക്കുംവിധം വഷളാകാനും കാരണമെന്ന് ഗ്രൂപ്പുഭേദമില്ലാതെ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
പുതിയ എസ്ഐമാർ ചാർജെടുക്കുമ്പോൾ കവലകളിൽ ഇറങ്ങി പരാക്രമം കാട്ടുന്നതുപോലെയായി ഡിസിസി പ്രസിഡന്റിന്റെ നടപടിയെന്നാണ് മുതിർന്ന ഐ ഗ്രൂപ്പ് നേതാവ് പ്രതികരിച്ചത്. തന്റെ ചുറ്റും നിൽക്കുന്ന ഏതാനും പേരുമായിമാത്രം കൂടിയാലോചിച്ചാണ് ഡിസിസി പ്രസിഡന്റ് ദേശീയപാത ഉപരോധം തീരുമാനിച്ചത്. പിറ്റേന്ന് ചേർന്ന യോഗത്തിൽ അക്കാര്യം ഡിസിസി തീരുമാനമായി അവതരിപ്പിച്ചു. അപ്പോഴും പൊതുഗതാഗതം തടയുന്നതിൽ ചിലരൊക്കെ എതിർപ്പ് പ്രകടിപ്പിച്ചു. ഓരോ മണ്ഡലം പ്രസിഡന്റും 15 വീതം കാറുകൾ സമരസ്ഥലത്ത് കൊണ്ടുവരണമെന്നാണ് ഷിയാസ് നിർദേശിച്ചത്. ആ വാഹനങ്ങൾ ദേശീയപാതയിൽ നിർത്തിയിട്ട് വഴിതടയണം. അതൊരു മണ്ടൻ നീക്കമാണെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. സമരകേന്ദ്രത്തിൽ ഇവർ പറഞ്ഞതുപോലെ വാഹനങ്ങൾ എത്തിയില്ല. പ്രവർത്തകർ ഇറങ്ങിനിന്നാണ് ഒടുവിൽ ഗതാഗതം സ്തംഭിപ്പിച്ചത്.
ജോജുവിന്റെ കാർ തകർത്തശേഷം അദ്ദേഹത്തെ മദ്യപാനിയെന്ന് ആക്ഷേപിച്ചത് നേതൃത്വത്തിന്റെ പക്വതയില്ലായ്മ വീണ്ടും തെളിയിച്ചു. മഹിളാനേതാക്കളെ ആക്ഷേപിച്ചെന്ന ആരോപണം അതിലും വലിയ അബദ്ധമായി. തെളിവില്ലെന്ന് പൊലീസ് കമീഷണർ പറഞ്ഞ കേസിൽ, മഹിളകളുടെ പരാതി വീണ്ടും നൽകാനാണ് നീക്കം. അടുത്തദിവസം കമീഷണർ ഓഫീസിലേക്ക് മാർച്ചും നടത്തുന്നുണ്ട്.
മാധ്യമങ്ങളെല്ലാം ആക്രമണത്തിന് എതിരാണെന്ന് വ്യക്തമായിട്ടും ജോജുവിനെ അധിക്ഷേപിക്കുന്നതിൽ മത്സരിച്ചു. തിരുത്തേണ്ട കെപിസിസി പ്രസിഡന്റും അവർക്കൊപ്പം നിന്നത് സ്ഥിതി കൂടുതൽ വഷളാക്കി. തെറ്റ് ബോധ്യപ്പെട്ട് ഒറ്റവാചകത്തിൽ ഖേദപ്രകടനം നടത്തിയിരുന്നെങ്കിൽ തീരുമായിരുന്ന പ്രശ്നമാണ് പാർടിക്കാകെ അപമാനമാക്കി വളർത്തിയതെന്നും ഇവർ പറയുന്നു.