തിരുവനന്തപുരം: ദുബായിൽ നടക്കുന്ന എക്സ്പോ ഒരുക്കങ്ങൾക്കായി യുഎഇ സന്ദർശിക്കാൻ സംസ്ഥാന സംഘത്തിന് കേന്ദ്രത്തിൻറെഅനുമതിയില്ല. കേന്ദ്ര സർക്കാരിൻറെനിലപാട് പ്രതിഷേധാർഹമാണെന്ന് മന്ത്രി പി. രാജീവ് ആരോപിച്ചു.
എക്സ്പോയിലെ കേരള പവലിയൻ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവർത്തനങ്ങൾക്കുമായി നവംബർ 10 മുതൽ 12 വരെ ദുബായ് സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിക്കുകയായിരുന്നു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർക്കാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്.
പി. രാജീവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി യു. എ.ഇ സന്ദർശിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ച നടപടി പ്രതിഷേധാർഹമാണ്.
എക്സ്പോയിലെ കേരള പവലിയൻ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവർത്തനങ്ങൾക്കുമായി നവംബർ 10 മുതൽ 12 വരെ ദുബായ് സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിക്കുകയാണുണ്ടായത്. കൃത്യമായ കാരണം പറഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം സന്ദർശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേർന്നാണ് വേൾഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 6 വരെയാണ് കേരള പവലിയൻ ഒരുക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച എക്സ്പോ അടുത്ത വർഷം മാർച്ച് 31 നാണ് അവസാനിക്കുക. കേരളത്തിന്റെ വ്യവസായ, ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിത്. എക്സ്പോ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേധാവികളെ അയക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എക്സ്പോയിൽ സജീവമായി പങ്കെടുക്കണം എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമ്പോഴാണ് വിദേശമന്ത്രാലയം നിഷേധാത്മക സമീപനം സ്വീകരിച്ചിരിക്കുന്നത്.
Content Highlights: minister p rajeev fb post